തിരുവനന്തപുരം : വരുന്ന നാലു വർഷക്കാലത്തിൽ വിഴിഞ്ഞത്ത് 10000 കോടി രൂപയുടെ നിക്ഷേപം എത്തുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ് . കാലതാമസമില്ലാതെ വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു.
” വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ഗുണകരമായി ഭവിക്കാൻ സാധ്യതയുള്ള ചില തീരുമാനങ്ങൾ സർക്കാർ എടുത്തു കഴിഞ്ഞു. ഏറെ കാലതാമസമില്ലാതെ വിഴിഞ്ഞം തുറമുഖം അതിന്റെ പൂർണ പ്രവർത്തന ശേഷി കൈവരിക്കും എന്നതാണ് അതിന്റെ പോസിറ്റിവ് ആയ ഘടകം. 2045 ഓടെ തുറമുഖത്തിന്റെ ഫേസ് 2 ,3, 4 ഘട്ടങ്ങൾ പൂർത്തീകരിക്കുവാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത് . ഇതിൽ നിന്നും വിഭിന്നമായി പുതിയ തീരുമാന പ്രകാരം 2028 ൽ തന്നെ എല്ലാം പൂർത്തിയാക്കും. അതിനാൽ തന്നെ ഇനി വരുന്ന നാലുവർഷങ്ങൾ കൊണ്ട് 10000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞത്ത് എത്തും. നികുതി ഉൾപ്പടെയുള്ള സംസ്ഥാനത്തിന്റെ വരുമാന സ്രോതസുകളിലും അതിന്റെ ഉണർവ് പ്രകടമാകും”- ദിവ്യ എസ് അയ്യർ പറഞ്ഞു.
2024 അവസാനത്തിൽ തന്നെ ആദ്യ ഘട്ട നിർമാണം പൂർത്തിയാക്കും, തുറമുഖം പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. ആരംഭഘട്ടത്തിൽ നേരിട്ട അഞ്ചു വർഷത്തെ കാലതാമസം മാപ്പാക്കുന്നതിനായി സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. അഞ്ചു വർഷത്തെ കാലാവധി നീട്ടി നല്കുന്നതുകൊണ്ട് പ്രതിബദ്ധതാ തുകയായ 219 കോടി രൂപ സർക്കാർ പിടിച്ചുവെക്കും. ഈ വർഷത്തെ പ്രതിബദ്ധതാ തുകയായ 43.8 കോടി രൂപ സർക്കാറിന് ഈടാക്കുകയും ചെയ്യാം.
തുറമുഖ നിർമാണവും വികസനവുമായി ബന്ധപ്പെട്ടുള്ള വിഭവ സമാഹരണത്തിനും ഓഹരി സമാഹരണത്തിനുമായി ഉണ്ടായിരുന്ന പ്രതിബന്ധം ആർബിട്രേഷനുകൾ ആയിരുന്നു. ആർബിട്രേഷനുകൾ ഒഴിവാക്കാൻ തീരുമാനം വന്നതോടെ ആ കുരുക്കും അഴിയുകയാണ്. അതുമാത്രമല്ല ഇടയിൽ ഇന്ത്യയിൽ ആദ്യമായി ഒരു പശ്ചാത്തല വികസന പദ്ധതിക്കായുള്ള വിജിഎഫ് വിഴിഞ്ഞത്തിന് ലഭിക്കുകയും ചെയ്യും. 817 കോടി രൂപയാണ് വയബിലിറ്റി ഗ്യാപ് ഫണ്ടായി ലഭിക്കുക. ഇതിനായി ത്രികക്ഷി കരാർ ഒപ്പുവെക്കും. സർക്കാരിന് പ്രവർത്തന നിശ്ചയ പ്രകാരം ഓഹരി 2034 ൽ തന്നെ ലഭിക്കുകയും ചെയ്യും. ദിവ്യ എസ് അയ്യർ ചൂണ്ടിക്കാട്ടി .