തിരുവനന്തപുരം: നാടിന്റെ വൻകുതിപ്പിന് ഉറച്ച പ്രതീക്ഷനൽകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വ്യാഴാഴ്ച എത്തിയ ചൈനീസ് കപ്പലിന് ഇന്ന് പ്രൗഢ ഗംഭീരമായ വരവേൽപ്പ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനാവാൾ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, സി.ഇ.ഒ രാജേഷ് ഝാ, കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടാകും.
ചരക്കുകപ്പലുകൾക്ക് ഇവിടെ എത്താൻ പ്രയാസമില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് ക്രെയിനുകൾ വഹിച്ചുകൊണ്ടുള്ള ഷെൻഹുവ 15 കപ്പലിന്റെ പ്രവേശനം. വിഴിഞ്ഞത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന മൂന്നു ക്രെയിനുകളും നാളെമുതൽ ഇറക്കും. 20ന് കപ്പൽ തിരിച്ചുപോകും.വരുംദിനങ്ങളിൽ തുറമുഖ നിർമ്മാണത്തിന് വേഗതയേറും. ഇവിടേക്ക് ആവശ്യമായ ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ വൈകാതെ എത്തും. 2024 മേയിൽ തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. ഇതോടെ നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെയുള്ള കണ്ടെയ്നറുകളുമായി കൂറ്റൻ ചരക്കുകപ്പലുകൾക്ക് എത്താനാവും. ഷെൻഹുവ 15 എത്തിയപ്പോൾ 30 കോടി രൂപയാണ് ജി.എസ്.ടി ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കായി ലഭിച്ചത്. വരുംദിവസങ്ങളിൽ എത്തുന്ന ക്രെയിനുകൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ ഇനത്തിലും വൻതുക സർക്കാരിന് നികുതിയിനത്തിൽ ലഭിക്കും. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വൻ കുതിപ്പിന് വഴിതുറക്കും.
–അവസാനഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും.
–അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് ഏറ്റവുമടുത്ത ഇന്ത്യയിലെ ഏറ്റവും ആഴമുള്ള തുറമുഖം എന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത.
രണ്ടാംഘട്ട പഠനം
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാംഘട്ടത്തിനുള്ള പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി. അദാനി പോർട്സിനുവേണ്ടി എൽ ആൻഡ് ടി കമ്പനിയാണ് പഠനം നടത്തുന്നത്. ഒരുവർഷത്തിനകം കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. രണ്ടാംഘട്ടത്തിൽ ബർത്തുകളുടെ എണ്ണം ഉയരും.