തിരുവനന്തപുരം : വിഴിഞ്ഞത്തെ തീരശോഷണം സംബന്ധിച്ചുള്ള വാദങ്ങളെക്കുറിച്ച് പഠിപ്പിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന് പറഞ്ഞു. വിദഗ്ധസമതിയുടെ പഠന റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷന് എം.ഡി കുഡാലെ ചെയര്‍മാനായ നാലംഗസമിതിയാണ് പഠനം നടത്തിയത്.
സംസ്ഥാന ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെ. റിജി ജോണ്‍, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അസോസിയേറ്റ് പ്രൊഫസര്‍ തേജല്‍ കനിത്ക്കര്‍, ഗുജറാത്തിലെ കണ്ട്ല തുറമുഖത്തിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ പി.വി ചന്ദ്രമോഹന് തുടങ്ങിയവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം സ്വാധീന മേഖലയില്‍ തീരശോഷണം ഉണ്ടായിട്ടുണ്ടോയെന്നും, മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കോ, കടലിന്റെ ആവാസ വ്യവസ്ഥയ്ക്കോ പ്രത്യാഘാതങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്നും, ഉണ്ടെങ്കില്‍ കാരണങ്ങള്‍ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നതായിരുന്നു സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീനിവാസ്, വിസില്‍ എംഡി ദിവ്യ എസ് അയ്യര്‍, അഡീ : സെക്രട്ടറി ഗിരിജ തുടങ്ങിയവര്‍ സംബന്ധിച്ചു.