തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി . തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനായി മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത് . 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ് കേന്ദ്രം അനുവദിച്ചത്. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി പൂര്‍ത്തീകരിക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവര്‍ഷം ദീര്‍ഘിപ്പിച്ചു നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി പൂര്‍ത്തീകരണ തീയതി 2024 ഡിസംബര്‍ 3 ആയിരിക്കും. കരാര്‍ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, 10,000 കോടി രൂപ എ വി പി പി എൽ മുതല്‍മുടക്കേണ്ട ഈ ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ 17 വര്‍ഷം മുമ്പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ചുരുങ്ങിയ കാലയളവില്‍ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവും.
അഞ്ചുവര്‍ഷം നീട്ടി നല്കുമ്പോള് ഈ കാലയളവില്‍ പ്രതിബദ്ധതാ ഫീസായി സര്‍ക്കാര്‍ എ വി പി പി എൽ ന് നല്‍കേണ്ട 219 കോടി രൂപ ഇക്വിറ്റി സപ്പോര്‍ട്ടില്‍ നിന്നും തടഞ്ഞുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയില്‍ നാലു വര്‍ഷത്തേക്കുള്ള തുകയായ 175.2 കോടി രൂപ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കുന്നപക്ഷം എ വി പി പി എൽ ന് തിരികെ നല്‍കും. ഒരു വര്‍ഷത്തെ തുകയായ 43.8 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. അതേസമയം, കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം 2034-ല്‍ തന്നെ റവന്യൂ ഷെയറിംഗ് ആരംഭിക്കും. മേല്‍ തീരുമാനങ്ങള്‍ എ വി പി പി എൽ അംഗീകരിക്കുന്നപക്ഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമെടുക്കുന്ന മുറയ്ക്ക് ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്.
കണ്സഷന് കരാറിലെ വ്യവസ്ഥകള്‍ പ്രകാരം നിര്‍മ്മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡ് (എ വി പി പി എൽ ) 03.12.2019-ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍, നിശ്ചിത സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഓഖി, പ്രളയം തുടങ്ങിയ 16 ഫോഴ്സ് മേജ്വര്‍ കാരണങ്ങള്‍ മൂലമാണ് പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും ആയതിനാല്‍, കാലാവധി നീട്ടി നല്‍കണമെന്നും എ വി പി പി എൽ ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വി ഐ എസ് എൽ ) ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഇരുപക്ഷവും ആര്ബിട്രേഷന് നടപടികള്‍ ആരംഭിക്കുകയുണ്ടായി. 3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എ വി പി പി എൽ ആര്ബിട്രേഷന് ഹര്‍ജി നല്‍കിയിട്ടുള്ളത്. 911 കോടി രൂപയുടെ കൗണ്ടര്‍ ക്ലെയിമാണ് വി ഐ എസ് എൽ ഉന്നയിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ആര്ബിട്രേഷന് നടപടികള്‍ പിൻവലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കണം.