തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തി. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16കാരനായ ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഹൃദയം എത്തിച്ചത്. വൃക്കയും പാന്‍ക്രിയാസും ഇതോടൊപ്പമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലോടെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത്.50 മിനിറ്റെടുത്താണ് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. അവയവങ്ങള്‍ അതിവേഗം ആശുപത്രികളിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ആദ്യം ലിസി ആശുപത്രിയിലാണ് അവയവം എത്തിച്ചത്. ഇവിടെയാണ് ഹരിനാരായണന്റെ ശസ്ത്രക്രിയ നടക്കുന്നത്. ഹരിനാരായണന്റെ ശസ്ത്രക്രിയ ആറ് മണിക്കൂര്‍ നീളുമെന്നാണ് കരുതുന്നതെന്ന് ആശുപത്രി പിആര്‍ഒ പറഞ്ഞു. ആദ്യം റോഡ് മാര്‍ഗം ഹൃദയമെത്തിക്കാനായിരുന്നു. പിന്നീട് ഹെലികോപ്റ്റര്‍ വഴിയാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും പി രാജീവിന്റെയും ഇടപെടലാണ് ഹെലികോപ്റ്റര്‍ സാധ്യമാക്കിയതെന്നും പിആര്‍ഒ പറഞ്ഞു
പാന്‍ക്രിയാസും വൃക്കയും ആസ്റ്റര്‍ മെഡിസിറ്റിലെ രണ്ടു രോഗികള്‍ക്കു ദാനംചെയ്യാനാണു തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നാണ് അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത്. നഴ്സ് കൂടിയായ സെല്‍വിനെ തലവേദന രൂക്ഷമായാണു ദിവസങ്ങള്‍ക്കുമുന്‍പ് കിംസില്‍ പ്രവേശിപ്പിച്ചത്. ഇതിനുശേഷം തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. തുടര്‍ന്ന് സെല്‍വന്റെ ആറ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യ തീരുമാനിക്കുകയായിരുന്നു. മൂന്ന് അവയവങ്ങള്‍ കൊച്ചിയിലെ ആശുപത്രികളിലും ഒരു അവയവം കിംസിലും കണ്ണുകള്‍ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലുമുള്ള രോഗികള്‍ക്കാണ് ദാനം ചെയ്യുന്നത്.