

കൊച്ചി : ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ പ്രീണനത്തിനുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് ബാഗ്ര ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചത് വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ്. ഇതിനെ നിയമപരമായി നേരിടും. ലത്തീൻ കത്തോലിക്ക ബിഷപ്പുമാരുടെ ശിപാർശയനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകാൻ അനുവദിക്കുന്നത് വലിയ തോതിൽ മതപരിവർത്തനത്തിന് വഴിതെളിക്കും.
രാജ്യത്തെ ഹൈന്ദവ ആരാധനാലയങ്ങളുടെ നടത്തിപ്പിൽ നിന്ന് സർക്കാർ പിൻമാറണം. ഏത് മതവിഭാഗത്തിൽപ്പെട്ട ആരാധനാലയങ്ങളാണെങ്കിലും അതിന്റെ നടത്തിപ്പ് ചുമതല അതത് വിഭാഗത്തിലെ വിശ്വാസികളെ ഏൽപ്പിക്കണം. അല്ലെങ്കിൽ ശബരിമല സ്വർണക്കൊള്ള പോലുള്ള സംഭവങ്ങൾ ആവർത്തിക്കും. കേരള സ്റ്റോറി എന്ന ചിത്രം വ്യക്തമാക്കുന്നത് ഇവിടെ നിലനിൽക്കുന്ന ‘ലവ് ജിഹാദ്’ ഉൾപ്പെടെയുള്ള വിഷയങ്ങളാണ്. ഇതിനെ കേവലം ബീഫിന്റെ പേരിൽ നിസ്സാരവത്കരിക്കുന്നത് ശരിയല്ല. ബീഫ് കഴിക്കുന്നത് കേരളത്തിന്റെ സംസ്കാരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും ബജറംഗ് ലാൽ ബാഗ്ര പറഞ്ഞു.