ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറി. വിശാലിന്റെ സ്വാഗതം ചെയ്തുകൊണ്ട് ഖാർഗെ എക്സിൽ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിന്റെ പേരക്കുട്ടിയാണ് വിശാൽ പാട്ടീൽ. മഹാവികാസ് അഘാഡി സഖ്യത്തിലെ ധാരണപ്രകാരം സാംഗ്ലി മണ്ഡലം ശിവസേന ഉദ്ധവ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് വിശാൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിശാൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി സഞ്ജയ് കാക പാട്ടീലിനെ പരാജയപ്പെടുത്തിയത്. ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി ചന്ദ്രഹാർ പാട്ടീലിന് 60,115 വോട്ടുകൾ മാത്രമാണ് നേടാനായത്. വിശാലിന് 5,71,666 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥിക്ക് 4,71, 613 വോട്ട് ലഭിച്ചു.
2014ന് ശേഷമുള്ള മികച്ച പ്രകടനമാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയത്. പാർട്ടിക്ക് 99 എം.പിമാരാണുള്ളത്. വിശാൽ കൂടി എത്തുന്നതോടെ പാർട്ടിയുടെ അംഗബലം 100 ആയി. 2009ലെ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് ഇതിന് മുമ്പ് മൂന്നക്കം കടന്നത്. അന്ന് 206 സീറ്റാണ് പാർട്ടിക്ക് ലഭിച്ചത്.