ന്യൂഡൽഹി: അഞ്ച് മത്സരങ്ങളടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ രണ്ട് മാച്ചിൽ വിരാട് കോഹ്ലിയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് താരം ബിസിസിഐക്ക് കത്ത് നൽകി. ഈമാസം 25 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്.
കോഹ്ലിയുടെ വ്യക്തിപരമായ സാഹചര്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിക്കുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ അറിയിച്ചു.ഇന്ത്യൻ നായകൻ രോഹിത് ശർമയോടും ടീം മാനേജ്മെന്റിനോടും കോഹ്ലി ഇക്കാര്യം സംസാരിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരിഗണനയെന്നും എന്നാൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിൽ തനിക്ക് കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും കോഹ്ലി പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സമനിലയായതോടെ ഒന്നാം റാങ്ക് നഷ്ടമായ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയാൽ സ്ഥാനം തിരിച്ചു പിടിക്കാം. എന്നാൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ അഭാവം തിരിച്ചടിയാകും. വിരാടിന് പകരം ആരെത്തുമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. ചേതേശ്വർ പൂജാര, രജത് പടിദാർ, അഭിമന്യു ഈശ്വർ, സർഫ്രാസ് ഖാൻ തുടങ്ങി താരങ്ങൾ ബിസിസിഐയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിക്കാതെ പോയ പൂജാര രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചുറിയടക്കം നേടി ഉജ്ജ്വല ഫോമിലാണ്.
ടെസ്റ്റിൽ 29 സെഞ്ചുറികളും 30 അർധസെഞ്ചുറികളും നേടിയ വിരാട് കോഹ്ലി മികച്ച ഫോമിലാണ്. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ 43 ശരാശരിയിൽ 172 റൺസാണ് താരം നേടിയത്. അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരിയിലെ ആദ്യ മത്സരത്തിൽ കോഹ്ലി കളിച്ചിരുന്നില്ല.