ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. നാലുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ബിഷ്ണുപൂർ – ചുരാചന്ദ്പൂർ മലനിരകൾക്ക് സമീപം വിറക് ശേഖരിക്കാൻ പോയവരാണ് കൊല്ലപ്പെട്ടത്. നേരത്തെ നാലുപേരെ കാണാതായതായി റിപ്പോർട്ടുണ്ടായിരുന്നു. കേന്ദ്രസേനയുടെ സഹായത്തോടെ ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
ദാരാ സിംഗ്, ഇബോംച സിംഗ്, റോമൻ സിംഗ്, ആനന്ദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പുണ്ടായ സ്ഥലത്തിന് സമീപത്തുനിന്നാണ് ഇവരെ കാണാതാകുന്നത്.കാണാതായവരുടെ ബന്ധുക്കളിൽനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് തിരച്ചിൽ ഊർജിതമാക്കിയത്.പ്രദേശത്ത് വലിയരീതിയിലുള്ള വെടിവെപ്പ് കഴിഞ്ഞദിവസങ്ങളിൽ നടന്നിരുന്നു. ആറ് റൗണ്ട് വെടിവെച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്ത്രീകൾക്കും കുട്ടികൾ നേരെയും വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.
ജനുവരി ഒന്നിന് തൗബാലിലെ ലിലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. 2023 മേയ് ഒന്നിന് മണിപ്പൂരിൽ മെയ്തേയികളും കുക്കികളും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 180ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. മെയ്തേയി സമുദായത്തിന്റെ സംവരണത്തിന് എതിരായ ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്.