തിരുവനന്തപുരം : കാലിക്കട്ട് സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍നിന്ന് വിട്ടുനിന്ന സംഭവത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്‍സിലര്‍ എം.കെ. ജയരാജ് നടത്തിയത് കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ നിരീക്ഷണം.
ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് പരിപാടിക്ക് എത്താതിരുന്നതെങ്കില്‍ പകരക്കാരനായി പ്രോ വൈസ് ചാന്‍സിലറെ അയയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും രാജ്ഭവൻ ചോദ്യമുന്നയിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവത്തിലും നേരത്തേ വിസിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇതുവരെ ഇതിന് വിസി മറുപടി നല്‍കിയിരുന്നില്ല.
സനാതന ധര്‍മവും പീഠവും ഭാരതീയ വിചാരകേന്ദ്രവും സംഘടിപ്പിക്കുന്ന “ശ്രീനാരായണ ഗുരു നവോഥാനത്തിന്റെ പ്രവാചകന്’ എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലയിൽ നടന്ന
സെമിനാറിലാണ് തിങ്കളാഴ്ച ഗവർണർ പങ്കെടുത്തത്. ആരോഗ്യപ്രശ്നങ്ങളെതുടർന്ന് പരിപാടിക്ക് എത്തില്ലെന്ന് വിസി ഗവർണറെ അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു.
അതേസമയം, കാമ്പസിലെത്തിയ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐയും ഇടതുപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് കറുത്ത ബലൂണുകള്‍ ഉയര്‍ത്തി പ്രതിഷേധ റാലിയായിട്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയത്.
തനിക്കെതിരേ പ്രതിഷേധിച്ച എസ്എഫ്ഐക്കാര്‍ ഗുണ്ടകളാണെന്ന് ഗവര്‍ണര്‍ വിമർശിച്ചിരുന്നു.