ന്യൂഡൽഹി: ഭാരപരിശോധനയിലൂടെ പാരീസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിക്കുമെന്ന് സൂചന. 2032 വരെ ഗോദയിൽ തുടരണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുന്ന ദീർഘമായ കുറിപ്പ് താരം തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു. ഞാൻ എന്തു വിശ്വസിച്ചോ, അതിനായി പോരാട്ടം തുടരുമെന്നും ഭാവിയിൽ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും താരം തന്റെ കുറിപ്പിൽ വ്യക്തമാക്കി.
നിലവിൽ പാരിസിൽ തുടരുന്ന താരം നാളെ തിരികെ ഡൽഹിയിലെത്താനിരിക്കെയാണ് വൈകാരികമായി കുറിപ്പ് പങ്കുവെച്ചത്. ഇതുവരെ താൻ കടന്നു വന്ന വഴികളെ കുറിച്ച് വിശദമായി പറയുന്ന കത്തിൽ തന്റെ യാത്രയിൽ കൂടെ നിന്ന എല്ലാവർക്കുമുള്ള നന്ദിയും വിനേഷ് 3 പേജിലുള്ള കത്തിലൂടെ പറയുന്നുണ്ട്.ചെറുപ്പത്തിൽ തന്റെ മാതാപിതാക്കൾ തനിക്ക് തന്ന പിന്തുണയും, ആഗ്രഹങ്ങളെ എത്തിപ്പിടിക്കാൻ പലരും കൂടെനിന്നതുമടക്കം എല്ലാം ഓർമിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറിപ്പിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്തുപറഞ്ഞ് താരം നന്ദി രേഖപ്പെടുത്തുന്നുണ്ട്. പരിക്ക് മൂലം ആത്മവിശ്വാസം നഷ്ടപ്പെടുമ്പോളെല്ലാം അദ്ദേഹത്തിന്റെ ഊർജവും തന്നിലുളള വിശ്വാസവുമാണ് തന്നെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുന്നതെന്ന് വിനേഷ് കുറിക്കുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പരാമർശിക്കുന്ന വിനേഷ് താൻ ഇന്ത്യയിലെ സ്ത്രീകൾക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും ത്രിവർണ്ണപതാകയുടെ വിശുദ്ധി തനിക്ക് കാത്തുസൂക്ഷിക്കേണ്ടിയിരുന്നെന്നും കുറിച്ചു. രാജ്യത്തിന്റെ കൊടി പാരീസിൽ പാറിക്കളിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ തന്റെ വിധി മറ്റൊന്നായിരുന്നുവെന്ന് വിനേഷ് കുറിച്ചിരിക്കുന്നു. ഒരിക്കലും തളരില്ലെന്നും ഇനിയും ശരിയ്ക്ക് വേണ്ടി പോരാടുമെന്നും പറഞ്ഞാണ് വിനേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.