ചണ്ഡിഗഡ്: ദേശീയ ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും ഇന്ന് കോൺഗ്രസിൽ ചേരും. സെപ്തംബർ നാലിന് ഇരുവരും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. ഉടൻ നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവരിലൊരാൾ സ്ഥാനാർത്ഥിയാകും എന്നാണ് സൂചന.
ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷൻ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തി ശക്തമായി സമരത്തിനിറങ്ങിയവരാണ് ഇരുതാരങ്ങളും. നിരവധി യുവ ഗുസ്തി താരങ്ങളെ ബ്രിജ്ഭൂഷൺ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതി ഉയർത്തിയുള്ള പ്രക്ഷോഭം വലിയ തോതിൽ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.
അതിനിടെ കായിക താരങ്ങൾ രാഷ്ട്രീയ കുരുക്കിൽ പെട്ടതായി കരുതുന്നുവെന്നും ഇവർ കോൺഗ്രസിൽ നിന്നും ടിക്കറ്റ് തേടുകയാണെന്നും അവരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ ആരോപിച്ചു. ജാട്ട് വിഭാഗത്തിന്റെ വോട്ട് പരമാവധി സംഭരിക്കാൻ ഗുസ്തി താരങ്ങളുടെ അംഗത്വം തങ്ങളെ സഹായിക്കും എന്നാണ് കോൺഗ്രസ് കരുതുന്നത്.
ഒളിമ്പിക്സിൽ നേരിയ ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായിരുന്നു. ഇതിനെതിരെ ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ആ അപ്പീൽ കോടതി തള്ളി. ഇതിനുശേഷം തിരികെ ഇന്ത്യയിലെത്തിയ ഫോഗട്ടിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഹരിയാന സോണിപ്പത്തിലുള്ള വീടുവരെ 110 കിലോമീറ്റർ ദൂരത്ത് പതിനായിരങ്ങളാണ് വിനേഷിന് സ്വീകരണമർപ്പിക്കാൻ കാത്തുനിന്നത്. വിനേഷിന് ലഭിച്ച ഈ ജനപിന്തുണയാണ് അവരെ രാഷ്ട്രീയത്തിലിറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
ഹരിയാന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ ഹൂഡ,ഫോഗട്ടിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ പ്രായക്കുറവുള്ളതിനാൽ വിനേഷിന് അത് ലഭിച്ചില്ല. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ വോട്ടെടുപ്പ്. ഫലപ്രഖ്യാപനം ഒക്ടോബർ എട്ടിനും.