തിരുവനന്തപുരം: 2022-ലെ സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അഹിതമായി ഇടപെട്ടെന്ന് സംവിധായകൻ വിനയൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ ജുറി അംഗങ്ങളെ നിയന്ത്രിച്ചെന്നും അത് വഴി വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാർഡിൽനിന്ന് ഒഴിവാക്കിയെന്നും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. രഞ്ജിത് ചെയ്തത് അധികാരദുർവിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ “19-ാം നൂറ്റാണ്ട്’ എന്ന ചിത്രത്തിനെ അവാർഡിൽ നിന്ന് ഒഴിവാക്കാൻ ഗൂഢാലോചന നടന്നു. നടി ഗൗതമി ഉൾപ്പെടെയുള്ള ജൂറി അംഗങ്ങൾ ചിത്രത്തെ അപമാനിച്ചു. ഈ പടത്തെ തഴയുവാൻ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നിൽ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ?മിസ്റ്റർ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തിൽ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാർഡിനെ ഇത്ര തരംതാണ അവസ്ഥയിൽ എത്തിച്ചിട്ടില്ല. എന്തിനാണു സുഹൃത്തേ നിങ്ങളിത്ര തരംതാണ തരികിടകൾക്ക് പോണത്?
അക്കാദമി ചെയർമാൻ നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പിഎസിനെ വിളിച്ച് പറഞ്ഞെന്നും വിനയൻ വെളിപ്പെടുത്തി. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടും പക്ഷപാതം കാണിച്ച ചെയർമാനെ പ്രസ്തുത അവാർഡ് പ്രഖ്യാപിക്കുന്നത് വരെ മാറ്റി നിർത്തിയില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.