ആറന്മുള : നിയമപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐഎം നേതാവിൽ നിന്നു ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജ്. ആറന്മുള പൊലിസ് വില്ലേജ് ഓഫിസറുടെ മൊഴിയെടുത്ത് , എഫ്ഐആർ ഇടാതെ മടങ്ങി.ഇനി എന്റെ നേരെ കത്തിയും വടിവാളും വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നാരങ്ങാനത്തു തന്നെ ജോലി ചെയ്യാൻ തയ്യാറെന്ന് ജോസഫ് ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
വിവാദത്തിന് പിന്നാലെ ഫോണിൽ ഭീഷണികൾ എത്തിയതോടെയാണ് വില്ലേജ് ഓഫിസർ കളക്ടർക്ക് പരാതി നൽകിയത്. താൻ ഇടത് പക്ഷക്കാരനാണെന്നും പാർട്ടിയെ തകർക്കാൻ അല്ല ശ്രമിച്ചതെന്നും വില്ലേജ് ഓഫിസർ ജോസഫ് ജോർജ് പറഞ്ഞു.
താനും പാർട്ടി പ്രവർത്തകൻ ആണെന്നും പാർട്ടിയെ തകർക്കാൻ അല്ല ശ്രമിച്ചതെന്നും വില്ലേജ് ഓഫിസർ വ്യക്തമാക്കി. സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം തന്നെ പാർട്ടി വിരുദ്ധൻ എന്ന് വിളിച്ചതിൽ വിഷമമുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും ജോസഫ് പറഞ്ഞു.
സ്ഥലംമാറ്റത്തിനും അതുവരെ അവധിക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെട്ടിടനികുതി അടയ്ക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ വെട്ടുമെന്ന ഏരിയ സെക്രട്ടറിയുടെ ഭീഷണിയാണ് വിവാദമായത്.