കാസർകോട്: അപേക്ഷകനിൽനിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലൻസ് അറസ്റ്റു ചെയ്തു. ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് വെള്ളച്ചാലിലെ സി.അരുൺ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി.സുധാകരൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.
സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥനാണ് അരുൺ. കഴിഞ്ഞ ഫെബ്രുവരി 22നാണ് റവന്യൂവകുപ്പ് ഇദ്ദേഹത്തെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്തത്. പ്രവാസിയും ചാമുണ്ഡിക്കുന്ന് സ്വദേശിയുമായ എം.അബ്ദുൾബഷീർ നൽകിയ പരാതിയിലാണ് നടപടി. ചിത്താരി-ചാമുണ്ഡിക്കുന്ന് റോഡിൽ കൊട്ടിലങ്ങാട്ട് 17.5 സെന്റുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പരിഗണിക്കാൻ വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി.
അബ്ദുൾബഷീർ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ രാസവസ്തു പുരട്ടിയ 500 രൂപയുടെ ആറു നോട്ടുകൾ പരാതിക്കാരന് നൽകി. വ്യാഴാഴ്ച രാവിലെ വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരൻ വിജിലൻസ് നൽകിയ പണത്തിൽ നിന്ന് 2000 രൂപ ഓഫീസർക്കും 1000 രൂപ അസിസ്റ്റന്റിനും നൽകി. നേരത്തേ വില്ലേജ് ഓഫീസ് പരിസരത്ത് നിലയുറപ്പിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. പ്രതികളെ തലശ്ശേരി വിജിലൻസ് സ്പെഷ്യൽ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.