സിനിമ ഉപേക്ഷിച്ച് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണെന്ന പ്രഖ്യാപനവുമായി വിജയ് . രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കത്തിലാണ് സിനിമ ഉപേക്ഷിക്കുമെന്ന് താരം വ്യക്തമാക്കിയത്.കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കെ സിനിമ ഉപേക്ഷിക്കാനുള്ള താരത്തിന്റെ തീരുമാനം ആരാധകരെ നിരാശയിലാക്കുകയാണ്.
രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും സിനിമ ഉപേക്ഷിക്കരുത് എന്ന ആവശ്യവുമായി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. അതിനൊപ്പം തന്നെ താരത്തിന്റെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ടും പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ടും രംഗത്തെത്തുന്നവരും നിരവധിയാണ്.തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്നില്‍ കണ്ടാവും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുക. അതിനാല്‍ രാഷ്ട്രീയത്തെ എന്റെ പ്രൊഫഷനായിട്ടല്ല, ജനങ്ങളോടുള്ള കര്‍ത്തവ്യമായിട്ടാണ് കണക്കാക്കുന്നത്. രാഷ്ട്രീയത്തെ വിനോദമായല്ല ഞാന്‍ കാണുന്നത്. അത് എന്റെ അഗാധമായ പരിശ്രമമാണ്. അതിനാല്‍, ഞാന്‍ ഇപ്പോള്‍ സ്വീകരിച്ച പ്രോജക്റ്റ് പൂര്‍ത്തിയാക്കും, അത് എന്റെ രാഷ്ട്രീയ സേവനത്തെ ബാധിക്കില്ല. തമിഴ്നാട്ടിലെ ജനങ്ങളെ യാതൊരു ശല്യവും കൂടാതെ പൂര്‍ണ്ണമായും സേവിക്കുന്നതിനായി ഞാന്‍ ഈ യാത്ര ആരംഭിക്കും. – വിജയ് കുറിച്ചു.
കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുമെന്നാണ് വിജയ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള് ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.