ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡൽഹി സന്ദർശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയിൽ അഭയംപ്രാപിച്ചു. ഡൽഹി സന്ദർശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലെന്ന് വിജയ് വിമർശിച്ചു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി തമിഴ്നാടിന്റെ അഭിമാനം പണയംവെച്ചു. ഇരുകൂട്ടരും രഹസ്യസഖ്യത്തിലെന്ന് വിജയ് പറഞ്ഞു. സ്റ്റാലിൻ ഡൽഹിയിലെത്തിയത് നീതി ആയോഗ് യോഗത്തിനായായിരുന്നു. ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെയോ(ഇഡി) ഡിഎംകെ ഭയക്കുന്നില്ലെന്നും ഏതൊരു നിയമനടപടിയ്ക്കും നിയമപരമായ മാർഗ്ഗങ്ങളിലൂടെ മറുപടി നൽകുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഡിഎംകെ തുടരുമെന്നും ഏതൊരു രാഷ്ട്രീയ സമ്മർദ്ദത്തെയും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ഇഡിയെയോ മോദിയെയോ ഭയക്കുന്നില്ല. കരുണാനിധി വളർത്തിയെടുത്ത ഡിഎംകെ പെരിയാറിൻ്റെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്ന ആത്മാഭിമാനമുള്ള പാർട്ടിയാണ്. എംകെ സ്റ്റാലിന്റെ ഡൽഹിസന്ദർശനം തമിഴ്നാടിന് കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കാനാണ് ലക്ഷ്യമിട്ടതെന്നും ഉദയനിധി പറഞ്ഞു.