ബംഗളൂരു : കന്നട നടി സ്പന്ദന രാഘവേന്ദ്ര(35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബാങ്കോംഗിലായിരുന്നു അന്ത്യം. കന്നട സിനിമയിലെ പ്രശസ്ത നടൻ വിജയ രാഘവേന്ദ്രയാണ് ഭർത്താവ്. കുടുംബസമേതം ബാങ്കോംഗിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. ഹോട്ടൽ മുറിയിൽ വച്ച് രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് നടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഭർത്താവും മകനും ഒപ്പമുണ്ടായിരുന്നു.
കന്നട സിനിമതാരം രാജ് കുമാറിന്റെ ബന്ധുവാണ് സ്പന്ദനയുടെ ഭർത്താവ് വിജയ രാഘവേന്ദ്ര. രാജ് കുമാറിന്റെ മകനും കന്നട സിനിമയിലെ സൂപ്പർ താരവുമായിരുന്ന പുനീത് രാജ്കുമാറും ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്. 2007-ലാണ് സ്പന്ദനയും നടൻ വിജയ രാഘവേന്ദ്രനും വിവാഹിതരായത്. ഷൗര്യ എന്നു പേരുള്ള ഒരു മകനാണ് ദന്പതികൾക്കുള്ളത്. കർണ്ണാടക റിട്ട. അസി. കമ്മീഷണർ ബി.കെ. ശിവറാമിന്റെ മകളാണ് സ്പന്ദന. അപൂർവ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമലോകത്തെത്തിയ സപ്ന്ദന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.