കൊച്ചി : കേരളത്തിൽനിന്ന് വിയറ്റ്നാമിലേക്കുള്ള വിമാന സർവീസ് യാഥാർഥ്യമായി. ഹോചിമിൻ സിറ്റിയിലേക്കുള്ള ആദ്യ വിയറ്റ് ജെറ്റ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയിൽനിന്ന് രാത്രി 12ന് പറന്നുയർന്നു. കൊച്ചിയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന 45 വിമാന സർവീസുകളിൽ ഒന്നായി വിയറ്റ് ജെറ്റിന്റെ പുതിയ സർവീസ് മാറും.
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുകൾ. ഈ ദിവസങ്ങളിൽ വിമാനം ഹോചിമിൻ സിറ്റിയിൽനിന്ന് രാത്രി 7.20ന് പുറപ്പെട്ട് 10.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. മടക്കവിമാനം രാത്രി 11.50ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് ഹോചിമിൻ സിറ്റിയിൽ എത്തും. വിയറ്റ് ജെറ്റ് കൊമേഴ്സ്യൽ വിഭാഗം വൈസ് പ്രസിഡന്റ് ജയ് എൽ ലിംഗേശ്വര സർവീസ് ഉദ്ഘാടനം ചെയ്തു. കൂടുതൽ വിയറ്റ്നാം നഗരങ്ങളിലേക്ക് സർവീസുകൾ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ബോർഡിങ് പാസ് സിയാൽ ഡയറക്ടർ ജി മനു നൽകി.