ചെന്നൈ : ജിഎസ്ടി വിഷയം ചൂണ്ടിക്കാട്ടിയ അന്നപൂര്‍ണ ഹോട്ടല്‍ ഉടമ കേന്ദ്രധനമന്ത്രി നിര്‍മല സീതരാമനോട് ക്ഷമാപണം നടത്തുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം. വീഡിയോക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസും ഡിഎംകെയും രംഗത്തെത്തി. അതേസമയം, സ്വകാര്യ സംഭാഷണത്തിനിടെ ധനമന്ത്രിയോട് ക്ഷമപറയുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ഹോട്ടല്‍ ഉടമ ശ്രീനിവാസനോട് ക്ഷമാപണം നടത്തി.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചെറുകിട റസ്റ്റോറന്റ് ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പൊതുവേദിയില്‍ വച്ച് അന്നപൂര്‍ണ ഹോട്ടല്‍ ഉടമ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍ അയാളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരംപറയാതെ ധനമന്ത്രി മറുപടി ചിരിയിലൊതുക്കി. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. അന്നപൂര്‍ണയുടെ ഉടമ പൊതുവേദിയില്‍ വെച്ച് ജിഎസ്ടിയുടെ പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ എത്രത്തോളം അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് മന്ത്രി മറുപടി നല്‍കുന്നതെന്ന് നോക്കൂ. എന്നാല്‍, ശതകോടീശ്വരനായ സുഹൃത്ത് നിയമങ്ങള്‍ മാറ്റാന്‍ പറയുമ്പോഴും ദേശീയ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാറിന് ഒരു മടിയുമില്ല. നോട്ടുനിരോധനം, ബാങ്കിങ് സംവിധാനത്തിലെ പോരായ്മകള്‍, നികുതിയിലെ പ്രശ്നങ്ങള്‍, ജിഎസ്ടി എന്നിവ മൂലം നമ്മുടെ വ്യവസായികള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായതിന് പിന്നാലെ അന്നപൂര്‍ണ്ണ റസ്റ്ററന്റ് ഉടമ നിര്‍മല സീതാരാമനെ നേരില്‍ കണ്ട് ക്ഷമചോദിച്ചിരുന്നു. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ആളല്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് അന്നപൂര്‍ണ്ണ ഉടമയുടെ വിശദീകരണം. സത്യം പറഞ്ഞ വ്യവസായിയെ ഭീഷണിപ്പെടുത്തി മാപ്പ് പറയിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. വ്യവസായികളുടെ പ്രശ്നം പറയാന്‍ അല്ലെങ്കില്‍ മന്ത്രി യോഗം വിളിച്ചത് എന്തിനാണെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നു. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത തെളിഞ്ഞെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ക്ഷമാപണം നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ കെ അണ്ണാമലൈക്ക് എതിരെ തമിഴ്നാട്ടിലെ വ്യവസായികള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ബിജെപി അധ്യക്ഷന്‍ ക്ഷമാപണം നടത്തിയത്. അന്നപൂര്‍ണ ശ്രീനിവാസന് തമിഴ്നാട്ടിലെ ബിസിനസ് സമൂഹത്തിന്റെ നെടുംതൂണാണെന്നും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമയ പങ്കുവഹിക്കുന്ന ആളാണെന്നും അണ്ണാമലൈ പറഞ്ഞു. ഇത് സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അണ്ണാമലൈ ആവശ്യപ്പെട്ടു.