ചെന്നൈ : ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പ്രശംസിക്കുന്ന ഐഐടി ഡയറക്ടറുടെ പരാമര്‍ശത്തെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. രോഗങ്ങള്‍ക്ക് ഗോമൂത്രം ഉത്തമ ഔഷധമാണെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി പറയുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഡയറക്ടറെ ഉടനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. അദ്ദേഹത്തെ എയിംസ് ഡയറക്ടറാക്കണമെന്നും ഡിഎംകെ പരിഹസിച്ചു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ചെന്നൈ വെസ്റ്റ് മാമ്പലത്തെ ചടങ്ങിലാണ് കാമകോടി ഗോമൂത്രത്തെ വാഴ്ത്തിയത്.
ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകുമെന്നാണ് കാമകോടിയുടെ പ്രസ്താവന. കൂടാതെ, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും കാമകോടി അവകാശപ്പെടുന്നുണ്ട്. ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോമിനെതിരെ ഗോമൂത്രം അത്യധികം ഫലപ്രദമാണെന്നും കാമകോടി കൂട്ടിച്ചേര്‍ത്തു.
ഗോമൂത്രം കുടിച്ചാല്‍ എത്ര കടുത്ത പനിയും മാറുമെന്നും തന്റെ അച്ഛനോട് നിര്‍ദേശിച്ച ഒരു സന്ന്യാസിയുടെ കഥ പറഞ്ഞ് കൊണ്ടാണ് ഇതിന്റെ ഔഷധഗുണം കാമകോടി വിവരിച്ചത്. ‘ഒരിക്കല്‍ വീട്ടില്‍ ഒരു സന്യാസി വന്നു. കടുത്ത പനി ബാധിച്ച അദ്ദേഹത്തെ ഡോക്ടറെ കാണിക്കാമെന്ന് പിതാവ് പറഞ്ഞെങ്കിലും സന്യാസി വിസമ്മതിച്ചു. ഗോമൂത്രം കുടിച്ചതോടെ 15 മിനിറ്റിനുള്ളില്‍ പനി ഭേദമായി’- കാമകോടി പറഞ്ഞു.
മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാമകോടി. ഐഐടി ഡയറക്ടറുടെ പ്രസ്താവനയെ അശാസ്ത്രീയമെന്ന് അപലപിച്ച് നേതാക്കളടക്കമുള്ളര്‍ രംഗത്തെത്തിയിട്ടുണ്ട്.
യുഎസിൽ സേവനം പുനരാരംഭിച്ച് ടിക് ടോക്ക്
Read more