തിരുവനന്തപുരം: എം.ജി, മലയാളം സർവകലാശാലകൾക്ക് പുതിയ വൈസ് ചാൻസലർമാരെ താൽക്കാലികമായി നിയമിച്ചു. പ്രഫ. സി.ടി. അരവിന്ദ കുമാറിനാണ് എം.ജി സർവകലാശാല വി.സിയുടെ ചുമതല. ഡോ. എൽ. സുഷമക്കാണ് മലയാളം സർവകലാശാല വി.സിയുടെ ചുമതല.
എം.ജി സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിലെ പ്രഫസറാണ് സി.ടി. അരവിന്ദ കുമാർ. നിലവിലെ സർവകലാശാല പ്രൊ-വൈസ് ചാൻസലറായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗം പ്രഫസറാണ് ഡോ. എൽ. സുഷമ. എം ജി സർവ്വകലാശാല മുൻ വി സി സാബു തോമസിനായിരുന്നു മലയാളം സർവകലാശാലയുടെയും ചുമതല. അദ്ദേഹം വിരമിച്ചതോടെയാണ് ചുമതല മാറ്റി നൽകിയത്.
വി.സിമാരുടെ താത്കാലിക ചുമതല നിശ്ചയിക്കാൻ സീനിയർ പ്രഫസർമാരുടെ പാനൽ നൽകാൻ ഗവർണർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സമർപ്പിച്ച പട്ടികയിൽനിന്നാണ് ഇരുവരെയും നിയമിച്ച് ഉത്തരവായിരിക്കുന്നത്.