കൊല്‍ക്കത്ത : സിംഹത്തിന് സീത എന്നു പേരിടുന്നതിന് എന്ത് ബുദ്ധിമുട്ടാണുള്ളതെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി. ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്പായ്ഗുഡിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്കീറ്റ് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. ‘അക്ബര്‍’ എന്ന ആണ് സിംഹത്തെയും ‘സീത’ എന്ന പെണ്‍സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.
2023 ഫെബ്രുവരി 13ന് ആണ് ഇണചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്. അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം. എന്നാല്‍ സിംഹങ്ങള്‍ക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം.
ഇങ്ങനെ പാര്‍പ്പിക്കുന്നത് ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതിനാണെന്നും അക്ബറിനെ സീതയ്ക്കൊപ്പം ഒരേ കൂട്ടിലിടരുതെന്നുമാണ് വിഎച്ച്പിയുടെ വാദം. അല്ലെങ്കില്‍ പെണ് സിംഹത്തിന്റെ പേരു മാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. സംസ്ഥാന വനംവകുപ്പും ബംഗാള്‍ സഫാരി പാര്‍ക്ക് ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍.