ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക ഓഫീസർ (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) സ്ഥാനത്ത് തുടരാനില്ലെന്ന് വേണു രാജാമണി ഐഎഫ്എസ്. സേവനകാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി നൽകിയിരുന്നെങ്കിലും സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം സർക്കാരിനെ അറിയിച്ചു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2021ലാണ് വേണു രാജാമണിയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ഒരു വർഷത്തേക്ക് നിയമിച്ചത്. പിന്നീട് ഒരു വർഷത്തേക്ക് കൂടി സേവനം നീട്ടി. സെപ്റ്റംബർ 16ന് കാലാവധി പൂർത്തിയാകാനിരിക്കെ 30-ാം തീയതി വരെ വീണ്ടും സർവീസ് ദീർഘിപ്പിക്കുകയായിരുന്നു. കേവലം രണ്ടാഴ്ച്ചത്തേയ്ക്ക് മാത്രം സർവീസ് നീട്ടിയതോടെ അദ്ദേഹത്തെ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണോ എന്ന സംശയം ഉയർന്നിരുന്നു. കോൺഗ്രസ് വിട്ടുവന്ന പ്രൊഫ. കെ.വി. തോമസും നിലവിൽ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.