


കൊച്ചി : അങ്കമാലിയിൽ ജസ്ലിയ ജോൺസണെന്ന പെണ്‍കുട്ടിയെ വാഹനം ഇടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാനായില്ല. അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് വാഹനം. ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്. എന്നാൽ അപകടമുണ്ടാക്കിയ വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ ആലപ്പുഴ തുറവൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്. മഹീന്ദ്ര XUV 700 വാഹനമായിരുന്നു ജസ്ലിയയെ ഇടിച്ചത്.
ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെയാണ് അങ്കമാലി ഹോം സയൻസ് കോളജിന് സമീപത്തുവെച്ച് ജസ്ലിയയെ വാഹനമിടിച്ചത്. കാർ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മസ്തിഷ്ക മരണം സംഭവിച്ചതോടെ ജസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു. കരൾ, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.
വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും നേത്രപടലം ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗിക്കും നല്‍കും. കരൾ രാജഗിരി ആശുപത്രിയിലേക്കാണ് നൽകുന്നത്.