ന്യൂഡൽഹി: കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിൽപ്പനയിൽ രാജ്യത്ത് വർധന. 2022-23 വർഷത്തെ അപേക്ഷിച്ച് 12.5 ശതമാനമാണ് വർധന. 2.38 കോടി വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്. മുൻ വർഷം ഇത് 2.12 കോടിയായിരുന്നു. കാർ വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 8.4% വർധനവാണ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വർഷം 42,18,746 യൂണിറ്റുകളാണ് വിറ്റുപോയത്. തൊട്ടു മുൻ വർഷം 38,90,114 കാറുകളാണ് വിറ്റത്. ഇരുചക്ര വാഹനങ്ങളുടെ വിൽപന 13.3% ആണ് ഉയർന്നത്. 1,79,74,365 എണ്ണം വിറ്റു. 2022-23 സാമ്പത്തിക വർഷം ഇത് 1,58,62,771 ആയിരുന്നു.
എന്നാൽ വാഹന കയറ്റുമതിയിൽ കഴിഞ്ഞ വർഷം 5.5% ഇടിവുണ്ടായി. 45,00,492 യൂണിറ്റുകളാണ് കയറ്റിയയച്ചത്. 2022–23 വർഷം ഇത് 47,61,299 യൂണിറ്റുകളായിരുന്നു. ഏഴു ലക്ഷം യൂണിറ്റുകൾ കയറ്റുമതി നടത്തിയത് ഉൾപ്പെടെ 50 ലക്ഷം കാറുകളാണ് കഴിഞ്ഞവർഷം വിൽക്കാനായത്. ഇവയിൽ ഏറ്റവുമധികം വിൽപ്പന വർധന (25.8%) എസ്യുവി വിഭാഗത്തിലാണ്; 25,20,691 യൂണിറ്റുകൾ. മുൻവർഷം 20,03,718 വാഹനങ്ങളായിരുന്നു വിറ്റത്.