തിരുവനന്തപുരം: അധികാരം ദുരുപയോഗിച്ച് അഴിമതി നടത്തി അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്നതുകൊണ്ടാണ് പിണറായി ഇന്ന് സഭയില്‍ എത്താതിരുന്നത്. പിണറായി ഒളിച്ചോടുകയായിരുന്നെന്നും സതീശന് പറഞ്ഞു.
യാതൊരു വിധ സേവനവും കൊടുക്കാതെ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആർഎലിൽനിന്ന് വലിയ തുക വന്നു എന്നാണ് ആധായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെയും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും കണ്ടെത്തല്‍. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ചുള്ള കാര്യസാധ്യത്തിനുവേണ്ടിയാണ് പണം നല്‍കിയത്. മാത്യു കുഴല്നാടന് ആദ്യം ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് രേഖകള്‍ ഹാജരാക്കാന്‍ ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് അനുവദിച്ചില്ലെന്നാണ്.
എന്നാല്‍ അവസരം കൊടുത്തിട്ടും ഒരു രേഖയും ഹാജരാക്കിയില്ലെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പിന്നീട് കണ്ടെത്തി. മുഖ്യമന്ത്രി സഭയില്‍ പച്ചക്കള്ളമാണെന്ന് വ്യക്തമാണെന്നും സതീശൻ പറഞ്ഞു. എന്ത് ചോദിച്ചാലും കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞ് പ്രഭാഷണ പരമ്പര നടത്തുകയാണ് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ റോഡില്‍ അടിച്ചമര്‍ത്തപ്പെടുകയും നിയമസഭയില്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സഭ ബഹിഷ്കരിച്ചതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.