കോഴിക്കോട് : സംസ്ഥാനത്ത് നിപ രണ്ടാം ഘട്ട വ്യാപനത്തിന്റെ സൂചനകളും പുതിയ നിപ കേസുകളുമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരിച്ച മുഹമ്മദിന്റെ മകനായ ഒമ്പതുകാരന്റെ നില മെച്ചപ്പെട്ടതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സമ്പർക്ക പട്ടിക 1233 ആയി ഉയർന്നു. 44 പേരാണ് പട്ടികയിൽ പുതുതായി വന്നത്.
പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കത്തിലുള്ളത് 352 പേരാണ്. ഇതിൽ 129 ആരോഗ്യ പ്രവർത്തകരുണ്ട്. ഇന്നലത്തെ 42ഫലങ്ങളും നെഗറ്റീവാണ്. 136 സാമ്പിളുകളാണ് പരിശോധിച്ചത്.ഇതുവരെ ആറുപേരെയാണ് വൈറസ് ബാധിച്ചത്. രണ്ടുപേർ മരിച്ചു. ചികിത്സയിലുള്ള നാലു പേരുടെ നില തൃപ്തികരമാണ്. ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 27 പേരാണ് ഐസൊലേഷനിലുള്ളത്.ആദ്യം മരിച്ച മുഹമ്മദിന്റെ സമ്പർക്കപ്പട്ടികയിൽ പെട്ടവർക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. പോസിറ്റീവായ മറ്റുള്ളവരിൽ നിന്ന് ആർക്കും രോഗം വ്യാപിച്ചിട്ടില്ല. ഫലം വന്ന 42 സാമ്പിളുകളും നെഗറ്റീവാണ്. 24 മണിക്കൂറും സ്രവ പരിശോധന നടക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
നിപ വ്യാപനമുണ്ടായെന്നു കരുതുന്ന പ്രദേശങ്ങളിൽ നിന്ന് 36 വവ്വാലുകളുടെ മൂന്ന് സാമ്പിളുകൾ വീതം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. കൂടുതൽ മോണോ ക്ലോണൽ ആന്റി ബോഡി എത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ 34,167 വീടുകളിൽ സർവേ നടത്തി. സമ്പർക്കമുള്ള കൂടുതൽ പേരെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടി. 2018 ൽ നിപ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കേന്ദ്ര സംഘങ്ങൾ പരിശോധന നടത്തി. കാലിക്കറ്റ് എൻ.ഐ.ടി പരീക്ഷകൾ മാറ്റി. സെപ്തംബർ 18 മുതൽ 23 വരെ എല്ലാ ക്ലാസും ഓൺലൈനിൽ നടക്കും. യു.ജി, പി.ജി ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്. പരീക്ഷ മാറ്റാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
കോഴിക്കോട്ട് നിപ സാദ്ധ്യത തിരിച്ചറിഞ്ഞപ്പോൾ തന്നെ ഇടപെട്ടു. പ്രതിരോധം പാളിയെന്ന പ്രചാരണം ശരിയല്ല. ആളുകളെ ഭയപ്പെടുത്തുന്ന പ്രചാരണം ഉണ്ടാവരുത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്
–വീണാ ജോർജ്, ആരോഗ്യമന്ത്രി
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more