ന്യൂഡല്‍ഹി : ആശ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍.
‘ആശമാരുടെ പൊതുവിഷയങ്ങള്‍ ഉള്‍പ്പടെ കേരളം മുന്നോട്ടുവച്ച പ്രശ്നങ്ങളെല്ലാം അദ്ദേഹം വളരെ വിശദമായി കേട്ടു. അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അവതരിപ്പിച്ചു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതുള്‍പ്പടെ സംസാരിച്ചു. ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പരിഗണണനയിലാണെന്ന് മന്ത്രി അറിയിച്ചു’ വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് നടത്തുന്ന ആരോഗ്യപരിപാടികളെ അദ്ദേഹം അഭിനന്ദിച്ചതായും മന്ത്രി പറഞ്ഞു. ‘ആശമാര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ കേന്ദ്രസ്കീം ആയതിനാല്‍ വളരെ വിശദമായി അവതരിപ്പിച്ചു. ആശമാരുടെ വിഷയമായിരുന്നു കൂടിക്കാഴ്ചയിലെ ആദ്യ അജണ്ട. വയനാട്ടിലും കാസര്‍കോടും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള പിന്തുണ അഭ്യര്‍ഥിച്ചു. ഓണ്‍ലൈന്‍ ഡ്രഗ്സ് വില്പന സംബന്ധിച്ച കാര്യങ്ങളും മന്ത്രിയെ അറിയിച്ചു’ വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തിന് എയിംസ് എന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് വൈകാതെ ലഭിക്കുമെന്നാണ് അദ്ദേഹം അവര്ത്തിച്ചുപറഞ്ഞതായും പൊതുവില്‍ പോസിറ്റിവായാണ് ജെപി നഡ്ഡ എല്ലാ വിഷയങ്ങളെ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.