കൊച്ചി : സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും ക്രൂശിക്കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഢയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെന്നതും അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞ സാഹചര്യവും സത്യമാണ്. എന്നാല്‍ അനുമതി തേടിയത് കുറ്റകരമാണെന്നും അതില്‍ പ്രശ്നമുണ്ടെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് വളരെ മോശമാണെന്ന് മന്ത്രി പറഞ്ഞു. ക്ഷോഭത്തോടെയായിരുന്നു മാധ്യമങ്ങളോട് മന്ത്രിയുടെ പ്രതികരണം.
രണ്ട് ലക്ഷ്യങ്ങളോടെയാണ് ഡല്‍ഹിയില്‍ പോയത്. ക്യൂബൻ സംഘവുമായുള്ള ചര്‍ച്ചയും കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയെന്നതും. ആശ വര്‍ക്കര്‍മാരുടെ സമരം അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. തലേന്നാണ് അവര്‍ നിരാഹാര സമരത്തിലേക്ക് കടന്നത്. അതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെയും കാണണമെന്ന് തീരുമാനിച്ചത്.
അതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ അദ്ദേഹം പാര്‍ലമെന്റില്‍ തിരക്കായതിനാല്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹം സമയം അനുവദിക്കുമ്പോള്‍ വീണ്ടും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ തങ്ങളെ മോശമാക്കുന്നുവെന്നും നുണ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുന്നത്. ആറ് മാസം മുമ്പ് കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ ആശമാരുടെ വിഷയങ്ങൾ ചർച്ച ചെയ്തതിനെ കുറിച്ച് പറയുന്നത് യൂട്യൂബിൽ ഉണെന്നും മന്ത്രി പറഞ്ഞു.