പാലക്കാട് : പട്ടികജാതി – പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ പങ്കെടുത്ത് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിലാണ് വേടനും പങ്കെടുത്തത്. സംസ്ഥാന സർക്കാർ നിരവധി സഹായങ്ങൾ പിന്നാക്ക വിഭാഗങ്ങൾക്ക് ചെയ്തിട്ടുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്ത് കൊണ്ട് വേടൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വേടൻ പാലക്കാട് എത്തിയത്. സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വേടൻ പറഞ്ഞു.
പരിപാടിക്കെത്തിയ വേടന് മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം നൽകി. സംഘപരിവാർ ശക്തികളുടെ ആക്രമണത്തിന് വേടനെ വിട്ടുകൊടുക്കില്ലെന്ന സന്ദേശം കൂടിയായിരുന്നു അത്. വേടനും നഞ്ചിയമ്മയും ഉൾപ്പെടെ 1200 പേരാണ് സംഗമത്തിൽ പങ്കെടുത്തത്.