കോട്ടയം : എഐസിസി പുനഃസംഘടനയിൽ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൂടുതൽ സ്ഥാനങ്ങളിൽ ഇരുന്നയാളാണ് രമേശ് ചെന്നിത്തല. എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തലയുടെ പ്രവർത്തക സമിതി അംഗത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അതൃപ്തിയുണ്ടാക്കേണ്ടതില്ലെന്നും സതീശൻ കോട്ടയത്ത് പറഞ്ഞു. പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് വലിയ അതൃപ്തിയുണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. എഐസിസി പുനഃസംഘടനയിൽ വലിയ സന്തോഷമുണ്ട്. മുതിർന്ന നേതാവായ എ.കെ. ആന്റണി ഇല്ലാത്ത ഒരു വർക്കിംഗ് കമ്മിറ്റിയെ കുറിച്ച് ആലോചിക്കാനാവില്ലെന്നും സതീശൻ പറഞ്ഞു.
ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. എന്നാൽ ഈ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. കേരളത്തിൽനിന്ന് കെ.സി. വേണുഗോപാലും എ.കെ. ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായിയാണ് പ്രവർത്തകസമിതിയിൽ ഉൾപ്പപ്പെടുത്തിയിരിക്കുന്നത്.