പുതുപ്പള്ളി : സ്ത്രീകളെ അപമാനിക്കുന്ന സംഘമായി സിപിഎം സൈബര്‍ സഖാക്കള്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളും ഉമ്മന്‍ചാണ്ടിയുടെ മകളും ഒരുപോലെയല്ല. മുഖ്യമന്ത്രിയുടെ മകള്‍ 1.72 കോടി രൂപ മാസപ്പടിയാണ് വാങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. വഴിയരികില്‍ ചെളിക്കുണ്ടില്‍ കിടക്കുന്നവന് വഴിയേ പോകുന്നവരുടെ മേല്‍ ചെളിവാരിയെറിയുന്നത് പോലെയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയായി. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും തണലില്‍ ലഹരി മാഫിയാ സംഘങ്ങള്‍ അരങ്ങുവാഴുകയാണ്. ഇതുമൂലം ഏറെ വിഷമിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് ഉറപ്പാണെന്നും സതീശൻ കൂട്ടിച്ചേർത്തു.