കൊച്ചി: ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കല്‍ എന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അതില്‍ ആരും മറുപടി പറഞ്ഞിട്ടില്ല. അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുമുള്ള പ്രതിരോധം എന്തായിരുന്നു? അതും ഒരു ഉദ്യോഗസ്ഥനാണ് അഴിഞ്ഞാടിയത്. അയാള്‍ പൂരം അലങ്കോലപ്പെടുത്തിയതാണ്. അയാള്‍ അവിടെ അലങ്കോലമാക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അവിടെ ഉണ്ടല്ലോ? അപ്പോള്‍ ഇടപെടേണ്ടതല്ലേ? മുഖ്യമന്ത്രിയുടെ ദൂതനായാണ് ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയതെന്നും സതീശന് ആരോപിച്ചു.
പിണറായി വിജയന്റെ ഓഫീസില്‍ ഒരു ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് പൊലീസിനെയും ഭരണത്തെയും നിയന്ത്രിക്കുന്നത്. ആ ഉപജാപക സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന് കൂടിയുണ്ട്. അത് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാവുന്നതാണെന്നും സതീശന് പറഞ്ഞു. ‘സാധാരണയായി തൃശൂര്‍ പൂരത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഐജിയും കമ്മീഷണറും നില്ക്കും. അവിടെ നില്ക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങളാണ് താഴെ തട്ടിലുള്ളവര്‍ അനുസരിക്കുക. എഡിജിപി മുഴുവന്‍ സമയവും അവിടെയുള്ള സമയത്ത് എങ്ങനെയാണ് ഒരു കമ്മീഷണര്‍ക്ക് പൂരം അലങ്കോലപ്പെടുത്താന്‍ സാധിക്കുക? കമ്മീഷണര്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥന് ചോദ്യം ചെയ്യില്ലേ? യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ്. പൊലീസിനെ കൊണ്ട് സിപിഎം പൂരം കലക്കിച്ചതാണ്. ബിജെപിയെ സഹായിക്കാന്‍ വേണ്ടി. ഒരു സംശയവുമില്ല. പൂരം കലക്കിയതിന്റെ ഇരയാണ് താന്‍ എന്ന് വി എസ് സുനില്‍കുമാര്‍ തന്നെ പറഞ്ഞല്ലോ. പൂരം കലക്കിയത് കൊണ്ടാണ് ബിജെപി ജയിച്ചത്. ഒരു ഹൈന്ദവ വികാരം ഉണ്ടാക്കാനാണ് ശ്രമിച്ചത്.’- സതീശന് ആരോപിച്ചു.
‘ബിജെപിക്കാര്‍ എന്താണ് ചെയ്തത്? തൃശൂരില്‍ ജയിക്കാന്‍ വേണ്ടി അവര്‍ പൂരം കലക്കുകയല്ലേ ചെയ്തത്. ഹിന്ദുക്കളെ അവര്‍ കബളിപ്പിക്കുകയലേ ചെയ്യുന്നത്. സിപിഎമ്മോ, ന്യൂനപക്ഷ പ്രേമം നടിച്ച് നേരെ ബിജെപിയുമായി ബന്ധം ഉണ്ടാക്കി പൂരം കലക്കി ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടുവിഭാഗത്തിന്റെയും മുഖംമൂടി അഴിഞ്ഞുവീണിരിക്കുകാണ്. ജനം ഇത് കാണുകയാണ്.ഇവര്‍ എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്?, തീവ്രവലതുപക്ഷ സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. ന്യായീകരിക്കാന്‍ ഒന്നുമില്ല.’- സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരുപാട് രഹസ്യങ്ങള്‍ അറിയാവുന്നവരാണ് പി ശശിയും എഡിജിപി അജിത് കുമാറും. അതുകൊണ്ടാണ് ആരോപണങ്ങള്‍ വന്നിട്ടും ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റാത്തത്. പിണറായി വിജയന്റെ ഓഫീസില്‍ ഒരു ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് പൊലീസിനെയും ഭരണത്തെയും നിയന്ത്രിക്കുന്നത്. ആ ഉപജാപക സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന് കൂടിയുണ്ട്. വാദത്തിന് മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, എഡിജിപി ആര്‍എസ് എസ് നേതാവിനെ കണ്ടത് എന്ന് പറഞ്ഞാലും ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടത് മുഖ്യമന്ത്രി അന്ന് തന്നെ അറിഞ്ഞ് കാണുമല്ലോ. എന്തുകൊണ്ട് വിശദീകരണം ചോദിച്ചില്ല.’- സതീശന് ചോദിച്ചു.
തനിക്കെതിരായ പി വി അന്‍വറിന്റെ ആരോപണത്തെ സതീശന് പരിഹസിച്ചു. ഇ ഡി അന്വേഷണം സെറ്റില്‍ ചെയ്യാനായി സുരേഷ് ഗോപിയെ സഹായിക്കാന്‍ വി ഡി സതീശന് ഡീല്‍ നടത്തി എന്ന പി വി അന്‍വറിന്റെ ആരോപണം സതീശന് നിഷേധിച്ചു. ഇതിന് മുന്‍പും തനിക്കെതിരെ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പുനര്‍ജനി കേസ് ഇപ്പോള്‍ തന്നെ ഇഡി അന്വേഷിക്കുന്നുണ്ട്. അന്‍വര്‍ സഭയില്‍ പറഞ്ഞ 150 കോടി അഴിമതി കൂടി ഇ ഡി അന്വേഷിക്കട്ടെ. അന്‍വര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കാവുന്നതാണ്. ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണെന്നും സതീശന് പറഞ്ഞു.