കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് തല്‍സ്ഥാനത്തു തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സുധാകരനെ പദവിയില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന് ഒറ്റയ്ക്കല്ല. സുധാകരനൊപ്പം പാര്‍ട്ടിയുണ്ടാകും. സുധാകരന് പദവിയില്‍നിന്ന് മാറാന്‍ ശ്രമിച്ചാലും പാര്‍ട്ടി അത് അനുവദിക്കില്ല. ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍നിന്ന് കുത്തില്ല. ചങ്കുകൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു.
സുധാകരനെതിരെ വ്യാജ കേസുണ്ടാക്കി അറസ്റ്റു ചെയ്തത് സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയാണ്. അഴിമതിയുടെ ചെളിയില്‍ മുങ്ങി നില്‍ക്കുകയാണ് സര്‍ക്കാര്‍. ആരു മൊഴി നല്കിയാലും കേസെടുക്കുമോ? സ്വപ്ന സുരേഷ് നല്കിയ മൊഴിയില്‍ കേസെടുക്കുമോയെന്നും സതീശന് ചോദിച്ചു.ആരുടെയെങ്കിലും കൈയില്‍നിന്ന് പരാതി എഴുതി വാങ്ങിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ്. മോന്‍സന്റെ വീട്ടില്‍ സുധാകരന് നിരവധി തവണ സന്ദര്‍ശനം നടത്തിയെന്നാണ് പ്രധാന ആരോപണം. അതെങ്ങനെ കുറ്റകൃത്യമാകുമെന്ന് സതീശന് ചോദിച്ചു.
മോന്‍സന്റെ ഡ്രൈവറുടെ മൊഴിയാണ് മറ്റൊരു തെളിവ്. 2018ല്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ മൂന്നിലധികം തവണയാണ് ഡ്രൈവറെ ചോദ്യം ചെയ്തത്.എന്നാല്‍ ഒരിയ്ക്കല്‍ പോലും സുധാകരനെതിരെ ഇയാള്‍ മൊഴി നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ നിയോഗിച്ചതിന് ശേഷം ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മാത്രം പുതിയ തെളിവ് കിട്ടുന്നത് എങ്ങനെയാണെന്നും സതീശന് ചോദിച്ചു.
ആരുടെയും ഗ്യാരന്റിയില്ലാതെ ആദ്യം പത്ത് കോടി കൊടുത്ത ആളുകള്‍ക്ക് പിന്നീട് 25 ലക്ഷം കൈമാറാന്‍ മാത്രം സുധാകരന്റെ സാന്നിധ്യം എന്തിനാണ്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലമുള്ളവരാണ്. മോന്‍സനും പരാതിക്കാരും തമ്മില്‍ നടന്നതെല്ലാം നിയമവിരുദ്ധമായ ഇടപാടുകളാണെന്നും സതീശന് ചൂണ്ടിക്കാട്ടി. പരാതിക്കാരെ ബ്ലാക്ക് മെയില്‍ ചെയ്ത് സുധാകരനെതിരെ തെളിവുണ്ടാക്കി അദ്ദേഹത്തെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് ഉണ്ടായത്.