കൊച്ചി: പുനഃസംഘടനയുടെ പേരിൽ തനിക്കെതിരെ പടയൊരുക്കം നടത്തുന്നത് കോൺഗ്രസുകാരനായ തന്റെ നേതാക്കൾ തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല . പുനര്‍ജനി പദ്ധതിക്കുവേണ്ടി വിദേശ പണപ്പിരിവ് നടത്തിയതില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.
ജനാധിപത്യപരമായാണ് പുനഃസംഘടന നടന്നത്. ഇതില്‍ പരാതിയുടെ കാര്യം എന്തിനാണെന്ന് അറിയില്ലെന്ന് സതീശന് പ്രതികരിച്ചു.താന്‍ സ്വന്തം പേരില്‍ ആരെയും എടുത്തിട്ടില്ലെന്നും സതീശന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ സര്‍വസന്നാഹങ്ങളും ഒരുക്കി കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്. ഈ സമയത്ത് ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോയെന്ന് ഗ്രൂപ്പുകള്‍ ആത്മപരിശോധന നടത്തണമെന്നും സതീശന് പറഞ്ഞു. ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിച്ചതിനേ തുടര്‍ന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയില്‍ നിരാശ ബാധിച്ച സമയത്താണ് തങ്ങള്‍ നേതൃത്വം ഏറ്റെടുത്തത്. പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമാണ് തന്റെ മുന്നിലുള്ളത്. ആരുമായും വഴക്കിടാന്‍ താനില്ലെന്നും സതീശന് പറഞ്ഞു.
പുനര്‍ജനി പദ്ധതിക്കുവേണ്ടി വിദേശ പണപ്പിരിവ് നടത്തിയതില്‍ ഏത് തരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കും. ആദ്യം ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ താന്‍ വെല്ലുവിളിച്ചതാണെന്നും സതീശന് പറഞ്ഞു. ലോക കേരള സഭയിലെ പിരിവിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് നാല് കൊല്ലം മുമ്പുള്ള കേസ് പൊക്കികൊണ്ടുവന്നതെന്നും സതീശന് ആരോപിച്ചു. ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണ്. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ആഭ്യന്തര വകുപ്പ് തള്ളിക്കളഞ്ഞ കേസാണിത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നോട്ടീസ് പോലും അയയ്ക്കാതെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കേസ് തള്ളിയതാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. യുഎസില്‍ നടക്കുന്ന അനധികൃത പിരിവിന്റെ പേരില്‍ മുഖ്യമന്ത്രി ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. ഈ സാഹചര്യത്തിലാണ് തനിക്കെതിരെ നിലനില്‍ക്കാത്ത ഒരു കേസില്‍ അന്വേഷണം നടത്തുന്നത്.