കോട്ടയം : പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണിത്.സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് ? എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി.ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന പ്രസ്താവന ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ എം.വി.ഗോവിന്ദന് മാറ്റിപ്പറഞ്ഞു. ഒരു കാര്യം പറഞ്ഞാല്‍ പത്തെണ്ണുന്നതിന് മുമ്പ് മലക്കം മറിയാന്‍ വിദഗ്ധനാണ് ഗോവിന്ദനെന്നും സതീശന് വിമര്‍ശിച്ചു.
5000 വോട്ട് ബിജെപി കോണ്‍ഗ്രസിന് വിറ്റെന്നാണ് ഗോവിന്ദന്റെ ആരോപണം. യുഡിഎഫ് നേതാക്കള്‍ വണ്ടി വിളിച്ച് ബിജെപി ഓഫീസില്‍ പോയി കെ.സുരേന്ദ്രനോട് വോട്ട് ചോദിച്ച് വാങ്ങുകയായിരുന്നെന്ന് സതീശന് പരിഹസിച്ചു.അതേ വണ്ടിയില്‍ സിപിഎം ഓഫീസില്‍ പോയി വോട്ട് ചോദിച്ചു. അങ്ങനെയാണ് പാര്‍ട്ടിയുടെ വോട്ട് കിട്ടിയത്-സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു.മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പ് ഭരിക്കുന്നത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സതീശന് ആരോപിച്ചു.ഭരണത്തില്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഒരു പങ്കും ഇല്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പ് ഭരിക്കുന്നത് മറ്റൊരു സംഘമാണ്. തങ്ങള്‍ നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്.
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്റെ ചെയര്‍മാനെ മാറ്റി മറ്റൊരാളെ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പില്‍ ഒരു കോര്പറേഷന് ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും മാറ്റിയത് പിണറായി അറിഞ്ഞില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണെന്നും സതീശന് ചോദിച്ചു.