തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം പ്രതിഫലിക്കും. കഴിഞ്ഞ ഏഴരക്കൊല്ലക്കാലമായി ഈ ജനവിരുദ്ധ സര്‍ക്കാരിനെ സഹിച്ച ജനങ്ങള്‍ അവരുടെ മനസ്സില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതു സര്‍ക്കാരല്ല കൊള്ളക്കാരാണ് എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡി സതീശന് പറഞ്ഞു.
അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുപോയ പിണറായി വിജയനാണ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ കൊള്ള ഇതെല്ലാം പ്രതിപക്ഷം ജനങ്ങളുടെ മുന്നില്‍ കൊണ്ടു വന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ വൈദ്യുതി കരാര്‍ റദ്ദാക്കി പിണറായി സര്‍ക്കാര്‍ റദ്ദാക്കി. ഒരു യൂണിറ്റിന് 4.27 പൈസ എന്ന നിരക്കിലായിരുന്ന പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് റദ്ദു ചെയത് ഈ സര്‍ക്കാര്‍ വാങ്ങിയത് ഏഴു രൂപയ്ക്കാണ്. ഇതുമൂലം കഴിഞ്ഞ നാലുമാസക്കാലം കൊണ്ട് 750 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായത്. വന്‍കിട കൊള്ള നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പവര്‍പര്‍ച്ചേസ് റദ്ദാക്കിയതിന് പിന്നിലെന്നും വിഡി സതീശന് ആരോപിച്ചു.
ഒരു ഭരണ നേട്ടമെങ്കിലും പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെല്ലുവിളിച്ചു. ഇത്രയും മോശപ്പെട്ട സർക്കാർ ചരിത്രത്തിലില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈ ഓണക്കാലത്ത് മാവേലി സ്റ്റോറിൽ ഒരു സാധനവും ഉണ്ടായിരുന്നില്ല. സിവിൽ സപ്ലൈസിന് ആയിരക്കണക്കിന് കോടിയുടെ ബാദ്ധ്യതയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാർ ഉപരോധിക്കുകയാണ്. ഇതേത്തുടർന്ന് സെക്രട്ടേറിയറ്റിലേക്കുള്ള വഴികളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്.