കണ്ണൂര്‍: കെ.ഫോണ്‍ കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ കോടതി വിമര്‍ശനത്തിന് എതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പബ്ലിസിറ്റിക്ക് വേണ്ടി തനിക്ക് കോടതിയില്‍ പോകേണ്ടതില്ല, മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്ന് സതീശന് പ്രതികരിച്ചു.തന്റെ ഹര്‍ജി ഇതുവരെ തള്ളിയിട്ടില്ല. സര്‍ക്കാരിന്റെ നിലപാട് കേട്ട ശേഷം കോടതി വേണ്ട നടപടികള്‍ സ്വീകരിക്കും. തനിക്ക് ഇപ്പോഴും നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സതീശന് പറഞ്ഞു.
കൃത്യമായ രേഖകളുമായാണ് കെ.ഫോണിലെ ക്രമക്കേടിനെതിരേ കോടതിയെ സമീപിച്ചത്. ജനങ്ങളുടെ നികുതി പണമായ 1500 കോടിയാണ് അഴിമതി നടത്തി നഷ്ടപ്പെടുത്തിയത്. അത് പൊതുതാത്പര്യമാണ്. ഇത് താനും മുഖ്യമന്ത്രിയും തമ്മിലുള്ള അതിര്ത്തിതര്ക്കമായിരുന്നെങ്കില് ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്ന് പറയാമിരുന്നെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. നീതിന്യായ വ്യവസ്ഥയില്‍നിന്ന് പരിഹാസം ഉണ്ടാകുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിനെ പരിഹസിച്ചാല്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും സതീശന് ചോദിച്ചു. ഇത്തരം പരിഹാസമുണ്ടായാല് നീതി തേടി പോകുന്ന ആളുകള്‍ക്ക് നിരാശ ഉണ്ടാകും.-സതീശന് പറഞ്ഞു