തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയ സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇതേ കാരണം പറഞ്ഞു എളമരം കരീമിന്റെ നേതൃത്വത്തില്‍ സിഐടിയുക്കാര്‍ സമരം ചെയ്തപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ?. ഈ സമരത്തില്‍ ഒരു അരാഷ്ട്രീയവും ഇല്ല. രാഷ്ട്രീയക്കാരായ തങ്ങള്‍കൂടി പിന്തുണയ്ക്കുന്ന സമരമാണ് ഇതെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ എവിടെ ചെന്നാലും ആശാവര്‍ക്കര്‍മാര്‍ തനിക്ക് ചുറ്റും കൂട്ടം കൂടി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും സതീശന് പറഞ്ഞു. നിരവധി തവണ നിയമസഭയില്‍ പ്രതിപക്ഷം പറഞ്ഞ കാര്യമാണ് ഇത്. ഒരുമണിക്കൂറോ രണ്ടുമണിക്കൂറോ ജോലി ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ഏഴായിരം രൂപ ഓണറേറിയം കൊടുത്ത് തുടങ്ങിയ ആ ജോലി പതിനാല് മണിക്കൂര്‍ ചെയ്താലും തീരാത്ത അമിതഭാരമാണ് അവരുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ഓണറേറിയും വര്‍ധിപ്പിക്കാതെ പതിമൂന്നായിരം രൂപ നല്‍കുന്നുണ്ടെന്ന് നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഒന്‍പതിനായിരം രൂപ വരെ അവര്‍ക്ക് കിട്ടാം. എന്നാല്‍ അവരുടെ കൈയില്‍ കിട്ടുന്നത് ഏഴായിരം രൂപയാണെന്നും സതീശന് പറഞ്ഞു.
മൂന്ന് മാസത്തെ കുടിശ്ശിക നല്‍കാനുണ്ട്. ഓഡര്‍ ഇറക്കി എന്ന് പറഞ്ഞതുകൊണ്ടുകാര്യമില്ല. പണം കൊടുത്തിട്ടില്ല. ഓണറേറിയം വര്‍ധിപ്പിക്കാതെ ധനമന്ത്രിയും ആരോഗ്യമന്ത്രിയും ആശാവര്‍ക്കര്‍മാരെ അപമാനിച്ചു. അവര്‍ ഇരുന്ന യോഗമാണ് പിഎസ് സി ചെയര്‍മാന്റെയും ഉദ്യോഗസ്ഥരുടെയും ശമ്പളം ലക്ഷക്കണിക്കിന് വര്‍ധിപ്പിക്കാനും പെന്ഷന് വര്‍ധിപ്പിക്കാനും തീരുമാനമെടുത്തത്. ഈ സര്‍ക്കാരിന്റെ പ്രയോറിറ്റി എന്താണ്?. പാവങ്ങളുടെ സങ്കടം കേള്‍ക്കുക എന്നതാണോ? അതോ 20 ഓളം വരുന്ന പിഎസ് സി മെമ്പര്‍മാരുടെ ശമ്പളം ലക്ഷങ്ങള്‍ വര്‍ധിപ്പിക്കുന്നതാണോയെന്നും സതീശന് ചോദിച്ചു.
വയനാട് ദുരന്തമുണ്ടായിട്ട് ഏഴ് മാസം കഴിഞ്ഞു. എന്തുകാര്യമാണ് സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ചെയ്തത്?. ഗുരുതരമായി പരിക്കുപറ്റിയവര്‍ക്ക് ചികിത്സാ സഹായം പോലും നല്‍കിയില്ല. സ്വന്തം നിലയിലാണ് അവര്‍ ചികിത്സ നടത്തുന്നത്. എത്ര കോടി രൂപ സര്‍ക്കാരിന്റെ കൈയിലിരിക്കുന്നുണ്ട്. ഇതുവരെ പുനരധിവാസത്തിനായുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പത്തുസെന്റ് എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ അത് അഞ്ച് സെന്റായി. അവിടെ ഇരകളായ ആളുകള്‍ സമരം ചെയ്യുമ്പോള്‍ അവര്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കും. പുനരധിവാസ പ്രവര്‍ത്തനത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഉപാധികളില്ലാതെ പിന്തുണ കൊടുത്തവരാണ് യുഡിഎഫ്. നൂറ് വിട് കോണ്‍ഗ്രസ്, നൂറ് വീട് മുസ്ലീം ലീഗ്, നൂറ് വീട് കര്‍ണാടക സര്‍ക്കാര്‍, 30 വീട് യൂത്ത് ലീഗ് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞാതാണ്. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പോലും പറ്റുന്നില്ലെന്ന് സതീശന് പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട് ചുമതലയുള്ള നാല് മന്ത്രിമാരുണ്ട്. ഒരു യോഗം പോലം ചേര്‍ന്നിട്ടില്ല. ദുരന്തബാധിതരോട് പൂര്‍ണ അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇവിടെ ഉള്ള പണം പോലും സംസ്ഥാനം നല്‍കുന്നില്ല. കേന്ദ്രം പണവും തരുന്നില്ല. രണ്ടുപേരും പാവങ്ങളെ കഷ്ടപ്പെടുത്തുകയാണെന്നും സതീശന് പറഞ്ഞു.
മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന് സിപിഎം നയത്തെയും സതീശന് പരിഹസിച്ചു. സിപിഐഎം പൂര്‍ണമായും സംഘപരിവാരുമായി സന്ധി ചെയ്തു പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ് ഇതെന്നും സതീശന് പറഞ്ഞു.