തിരുവനന്തപുരം : നികുതിവെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സംസ്ഥാനത്തെ നികുതിഭരണ സംവിധാനം പരാജയപ്പെട്ടു. 2020ല്‍ പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രത്തിലെ ഉത്കണ്ഠകളും സൂചനകളുമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സതീശന്. ചെക്പോസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ നമ്മുടെ വരുമാനം ഗണ്യമായി കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തില്‍ നിന്ന് റോജി എം. ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. രാവിലെ, സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു.
എന്നാല്‍ വിഷയം പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും എല്ലാ കാര്യങ്ങളും എല്ലാവര്ക്കും അറിയമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശനത്തോട് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുള്ള സമീപനം അടക്കമുള്ള കാര്യങ്ങള്‍ പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്തതാണ്. പക്ഷേ വിഷയത്തില്‍ നോട്ടീസ് നല്കിയ സ്ഥിതിക്ക് ചര്‍ച്ചയാകാം എന്ന് മന്ത്രി നിലപാട് എടുക്കുകയായിരുന്നു.
തുടര്‍ന്ന് വിഷയത്തില്‍ വിശദമായ ചര്‍ച്ച ഉച്ചയ്ക്ക് ഒന്നിന് നടത്താമെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.