കൊച്ചി : ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററായ ജി. ശക്തിധരന്റെ വെളിപ്പെടുത്തലുകളില്‍ അടിയന്തരമായി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സര്‍ക്കാര്‍ കേസെടുക്കാന്‍ തയാറായില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സതീശന് പറഞ്ഞു, പിണറായി വിജയനടക്കമുള്ള കേരളത്തിലെ സിപിഎം നേതാക്കളുടെ സന്തതസഹചാരിയും ഉപദേശകനുമായിരുന്ന ആളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിലെ ഉന്നതന് കലൂരിലെ ദേശാഭിമാനി ഓഫീസില്‍നിന്ന് കൈതോലപ്പായയില്‍ പണം കടത്തിയെന്നത് ഗൗരവമുള്ള വെളിപ്പെടുത്തലാണ്. കെ.സുധാകരനെപോലെ ഒരു പ്രധാന നേതാവിനെ കൊലപ്പെടുത്താന്‍ സിപിഎം വാടക കൊലയാളികളെ വിട്ടെന്ന ആരോപണത്തിലും ഉടന്‍ കേസെടുക്കണം. സർക്കാർ കേസെക്കാൻ തയാറല്ലെങ്കിൽ പ്രതിപക്ഷം രാഷ്ട്രീയമായ സമരങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കേരളത്തിലെ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉത്തരവ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ കൈമാറിയെന്നും സതീശന് ആരോപിച്ചു. അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സതീശന് ആവശ്യപ്പെട്ടു.