തിരുവനന്തപുരം : മുഖ്യമന്ത്രിക്കു വേണ്ടി എഡിജിപി എംആര്‍ അജിത് കുമാറിന്റെ അറിവോടെയാണ് തൃശൂര്‍ പൂരത്തിനിടെ പൊലീസ് പ്രശ്നമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പൂരം കലക്കി തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കുകയായിരുന്നെന്ന് സതീശന് ആരോപിച്ചു. 2023 മേയില്‍ തൃശൂരില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു.
തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്കൂളില്‍ വച്ചാണ് ആര്‍എസ്എസ് ക്യാംപ് നടന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ക്യാംപില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചു. സ്വകാര്യ ഹോട്ടലില്‍ ഔദ്യോഗിക കാര്‍ ഇട്ട ശേഷം മറ്റൊരു കാറിലാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കാണാന്‍ പോയത്. ഒരു മണിക്കൂര്‍ അവര്‍ സംസാരിച്ചു- സതീശന് പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന പല കേസുകള്‍ സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. എഡിജിപി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതു നിറവേറ്റി കൊടുക്കാമെന്ന് മുഖ്യമന്ത്രി വാക്കു കൊടുക്കുകയായിരുന്നുവെന്ന് സതീശന് ആരോപിച്ചു. കേരളത്തിലെ മുഖ്യമന്ത്രി എന്തിനാണ് പ്രകാശ് ജാവഡേക്കറെ ആറു പ്രാവശ്യം കണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആ ബന്ധമാണ് തൃശൂരില്‍ പിന്നീട് തുടര്‍ന്നത്. പിന്നീടാണ് ബിജെപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം വരുന്നത്. പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടി എന്നാണ് ഇടതു നേതാക്കള്‍ തന്നെ പറഞ്ഞത്. പതിനൊന്നു മണി മുതല്‍ പിറ്റേന്ന് രാവിലെ ഏഴു വരെ പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എഡിജിപി അവിടെ ഉണ്ടായിരുന്നല്ലോ. എന്തുകൊണ്ടാണ് എഡിജിപി ഇടപെടാതിരുന്നത്? – സതീശന് ചോദിച്ചു.
ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും എഡിജിപിയെയും പി.ശശിയേയും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഈ ആര്‍എസ്എസ് ബന്ധം കൊണ്ടാണെന്നും വി.ഡി.സതീശന് പറഞ്ഞു. പിവി അന്‍വറും എസ്പി സുജിത് ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം കേട്ടാല്‍ ഒരു മിനിറ്റ് അദ്ദേഹത്തെ സര്‍വീസില്‍ വച്ചു കൊണ്ടിരിക്കുമോ? മൂന്ന് എസ്പിമാര്‍ക്കെതിരെയാണ് മറ്റൊരു എസ്പി അസംബന്ധം പറഞ്ഞിരിക്കുന്നു. എഡിജിപിക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച സുജിത് ദാസ് ഇപ്പോഴും സര്‍വീസിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാന്‍ പോയ പിവി അന്‍വറല്ല തിരിച്ചുവന്നത്. ഏതു ഭീഷണിക്കാണ് വഴങ്ങിയതെന്ന് അറിയില്ല.- സതീശന് പറഞ്ഞു.