തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിർമാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിൻ്റെ മാനദണ്ഡം എന്താണെന്നും വിശദാംശങ്ങള്ളും സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാൻ്റ്, ബ്രാണ്ടി/ വൈനറി പ്ലാൻ്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണ്. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തെരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് പറയണം. മദ്യ നിര്‍മ്മാണത്തിൻ്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലന്ന 1999 മുതല്‍ കൈക്കൊണ്ടിരുന്ന നിലപാടില്‍ മാറ്റം വന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു അദ്ദേഹം പറഞ്ഞു . ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത കൊക്ക കോള കമ്പനിയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയില്‍ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.