കൊച്ചി : നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്തു പ്രയോജനമുണ്ടായി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നവകേരള സദസ്സിലൂടെ കേരളത്തെ കലാപഭൂമിയാക്കി മാറ്റിയ ആളാണ് പിണറായി വിജയന്. കേരളത്തിന്റെ ചരി്രതത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയും നിരവധി എംപിമാരും എംഎല്‍എമാരും പങ്കെടുത്ത സ്റ്റേജിലേക്കാണ് പൊലീസ് ഗ്രനേഡ് വലിച്ചെറിഞ്ഞത്.
അവരെ അപായപ്പെടുത്താന്‍ ശ്രമിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംയമനത്തെക്കുറിച്ച് പറയുന്നത്. ജനങ്ങളുടെ യുക്തിബോധത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്. ചാലക്കുടിയില്‍ ഡിവൈഎഫ്ഐ നേതാവ് പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്തു. അയാളെ അറസ്റ്റു ചെയ്ത പൊലീസുകാരില്‍ നിന്നും സിപിഎം ഏരിയാ സെക്രട്ടറി അടക്കമുള്ളവര്‍ എത്തി മോചിപ്പിച്ചു. എസ്ഐയെ റോഡിലിട്ട് പട്ടിയെപ്പോലെ തല്ലിച്ചതക്കുമെന്ന് എസ്എഫ്ഐ നേതാവ് പ്രസംഗിച്ചു. അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ സമരത്തിനിടെ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി അസഭ്യം വിളിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പൊലീസുകാര്‍ ചേര്‍ത്തു പിടിച്ച് ലാളിച്ച് കൊണ്ടുപോകുന്നത് നമ്മള് കണ്ടു. കരയല്ലേ മോനേ.. കരയല്ലേ മോനേ എന്നു പറഞ്ഞാണ് എസ്എഫ്ഐ സെക്രട്ടറിയെ പൊലീസുകാര്‍ കൊണ്ടുപോയത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു അപായപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നത് നമ്മള് കണ്ടു.
നവകേരള സദസ്സിന്റെ ദയനീയ പരാജയമാണ് മുഖ്യമന്ത്രി ഇതെല്ലാം ചെയ്യിക്കുന്നതിന് പിന്നിലെന്ന് വിഡി സതീശന് ആരോപിച്ചു. നവകേരള സദസ്സിന്റെ അവസാനദിവസം ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. യുഡിഎഫ് അങ്ങനെയൊന്ന് ആലോചിച്ചിട്ടു പോലുമില്ല. എവിടെ നിന്നാണ് മുഖ്യമന്ത്രിക്ക് ഇത്തരം വിവരങ്ങള്‍ കിട്ടുന്നത്. മുഖ്യമന്ത്രിക്ക് ഭയമാണ്. രാത്രി കിടന്നപ്പോള്‍ പേടിച്ച് സ്വപ്നം കണ്ടതായിരിക്കും. ഇതാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന ഇന്റലിജന്‍സ് വിവരങ്ങളെങ്കില് മുഖ്യമന്ത്രി എത്രമാത്രം തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായിരിക്കുമെന്ന് വിഡി സതീശന് ചോദിച്ചു.
നവകേരള സദസ്സില്‍ മുഴുവന്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമായിരുന്നു. പൊലീസിനെ നോക്കുകുത്തിയാക്കി ഡിവൈഎഫ്ഐക്കാര്‍ വെല്ലുവിളിക്കുകയാണ്. പൊലീസിന് നേര്‍ക്ക് തെറിയഭിഷേകമാണ് നടത്തുന്നത്. പൊലീസിങ് തകര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഗൂഢസംഘം, മരുമോന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. അതാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ പൊലീസിങ് എത്തിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.