തിരുവനന്തപുരം : ബിജെപിയും സിപിഎമ്മും അയോധ്യാ വിഷയം ഒരേപോലെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രണ്ടു കൂട്ടരും വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. കേരളം ഭരിക്കുന്ന സിപിഎം കേവലം വോട്ടു രാഷ്ട്രീയത്തിനു വേണ്ടി മാത്രം ഇത്തരം വിഷയങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ലജ്ജിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിലേക്ക് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടില്ല. വ്യക്തിപരമായി ചില നേതാക്കള്‍ക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. അവര്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പ്രത്യേകമായ നിലപാടില്ലല്ലോ എന്നും വിഡി സതീശന് പറഞ്ഞു.
ജനുവരി 22 ന് നടക്കാന്‍ പോകുന്ന കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനം എടുക്കുന്നതിന് മുമ്പേ സംസ്ഥാനത്ത് വിവാദമാക്കാനാണ് ശ്രമിക്കുന്നത്. സിപിഎം എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുകയാണ്. വോട്ടു കിട്ടാന്‍ വേണ്ടിയാണ് സിപിഎമ്മിന്റെ ശ്രമം. ബിജെപി ചെയ്യുന്ന അതേപണിയാണ് ചെയ്യുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുകയാണ്.
ജാതീയമായും മതപരമായും ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ വേറൊരു ഫോര്‍മാറ്റാണ് സിപിഎം നടപ്പിലാക്കുന്നത്. ഈ വിഷയത്തില്‍ ലീഗ് നേതാക്കളായ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത് മാതൃകാപരമായാണ് പ്രതികരിച്ചത്. ഇതിന്റെ പേരില്‍ ഒരു ഭിന്നിപ്പ് ഉണ്ടാകരുതെന്നാണ് അവര്‍ പറഞ്ഞത്. ഇങ്ങനെയാണ് രാഷ്ട്രീയനേതാക്കള്‍ പ്രതികരിക്കേണ്ടതെന്നും വിഡി സതീശന് വ്യക്തമാക്കി.