കൊച്ചി: എറണാകുളം സെന്റ് മേരിസ് ബസലിക്കയ്ക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം. പള്ളിയില്‍ പ്രാർഥനയ്ക്കായി എത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ വിമത വിഭാഗം തടഞ്ഞു. വിമത വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു. അതിരൂപതാ സംരക്ഷണ സമതിയുടെയും അല്മായ മുന്നേറ്റ സമതിയുടെയും പ്രവര്‍ത്തകരാണ് തടഞ്ഞത്.
പൊലീസ് സുരക്ഷയിൽ സിറിൽ വാസിലിനെ പള്ളിക്ക് പുറകിലൂടെ പ്രവേശിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.അതിരൂപതാ സംരക്ഷണ സമിതിയുടെയും അല്മായ മുന്നേറ്റ സമതിതിയുടെയും പ്രവര്‍ത്തകര്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ബിഷപ്പ് സിറില്‍ വാസലിനെ സെന്റ്മേരീസ് ബസലിക്കക്ക് മുന്നില്‍ തടഞ്ഞിട്ടു. കുര്‍ബാന തര്‍ക്ക പരിഹാരത്തിനാണ് ആര്‍ച്ച് ബിഷപ്പ് എത്തിയത്. ഏകീകൃത കുര്‍ബാന നടപ്പിലാക്കാനാണ് താന്‍ എത്തിയതെന്ന് ചര്‍ച്ചയില്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞതോടെ ചര്‍ച്ചകള്‍ക്ക് ഇനി എന്തുപ്രസക്തി എന്നാണ് വിമത വിഭാഗത്തിന്റെ ചോദ്യം. ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിലിനെ അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ വിമത വിഭാഗം വ്യക്തമാക്കിയിരുന്നു.
മാര്‍പാപ്പയുടെ പ്രതിനിധിയായി സിറിൽ വാസിലിനെ കാണാനാവില്ലെന്ന് വിമത വിഭാഗം നിലപാടെടുത്തു. മാര്‍പാപ്പയുടെ സര്‍ക്കുലര്‍ ലഭിച്ചിട്ടില്ലെന്നും കേസ് ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെ സിറില്‍ വാസിലിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് വിമത വിഭാഗത്തിന്റെ നിലപാട്.