ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട നീക്കത്തിൽ. ഇതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി പദം വിടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഡൽഹിയിൽ പറന്നെത്തി. എന്നാൽ, നാലര മണിക്കൂറിന് ശേഷമാണ് ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്താനായത്. മുഖ്യമന്ത്രി പദത്തിന് എംഎൽഎമാരെക്കൊണ്ട് പരസ്യ ആവശ്യമുന്നയിപ്പിച്ച ശേഷമാണ് സിന്ധ്യ ഡൽഹിയിലെത്തിയത്.
അറുപത് എംഎൽഎമാരുടെ പിന്തുണ നേടിക്കഴിഞ്ഞ സിന്ധ്യയെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മോദി– -ഷാ അച്ചുതണ്ടിന് ഒഴിവാക്കാനാകില്ല. സമവായ സ്ഥാനാർഥിയായി കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ്, ലോക്സഭ സ്പീക്കർ ഓം ബിർള എന്നിവരുടെ പേരും ഉയർന്നുവരുന്നുണ്ട്. എംപി സ്ഥാനം രാജിവച്ച് ഡൽഹിയിൽ തുടരുന്ന തീവ്രഹിന്ദുത്വ പ്രചാരകൻ യോഗി ബാലക്നാഥ് അമിത് ഷായെ കണ്ടത് രാജസ്ഥാൻ പോര് മറനീക്കുന്നതായി. കേന്ദ്രമന്ത്രിയായിരുന്ന ദിയാ കുമാരിയും ബുധൻ രാത്രി നദ്ദയെ കണ്ടിരുന്നു. കേന്ദ്ര നിരീക്ഷകർ രാജസ്ഥാനിൽ എത്തും.
അതേസമയം, ഡൽഹിയിലെത്തി കേന്ദ്രനേതൃത്വത്തെ കാണാൻ ഉദ്ദേശ്യമില്ലന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ, ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിങ് എന്നിവർ വ്യക്തമാക്കി. കാത്തിരിക്കാനാണ് തീരുമാനം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഗോത്ര നേതാവ് രേണുക സിങ് വ്യാഴാഴ്ച നദ്ദയെ സന്ദർശിച്ചു. എന്നാൽ, രമൺ സിങ്ങിനെത്തന്നെ അവരോധിക്കാനാണ് തീരുമാനമെന്നാണ് സൂചന.
മധ്യപ്രദേശിലെ ചിന്ദ്വാരയിൽനിന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശിവ്രാജ് സിങ് ചൗഹാൻ 29 സീറ്റും നേടി മോദിക്ക് 29 താമരമാല സമ്മാനിക്കുമെന്ന് അവകാശപ്പെട്ടു. മോദി ഷാ അച്ചുതണ്ടിനെ പ്രീതിപ്പെടുത്തൽ നയം ശക്തമാക്കിയ ചൗഹാൻ വ്യാഴാഴ്ച എക്സിൽ മോദിയെ പുകഴ്ത്തി പോസ്റ്റുമിട്ടു. അതിനിടെ തെലങ്കാനയിൽ സത്യപ്രതിജ്ഞ കഴിഞ്ഞുവെന്ന് പറഞ്ഞ കോൺഗ്രസ് ബിജെപി തീരുമാനം വൈകുന്നതിനെ പരിഹസിച്ചു.