ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി രാജസ്ഥാൻ ബിജെപിയിൽ ചേരിതിരിവും തമ്മിലടിയും രൂക്ഷമായിരിക്കെ റിസോർട്ട് കേന്ദ്രീകരിച്ച് അട്ടിമറി നീക്കവുമായി വസുന്ധര രാജെ സിന്ധ്യപക്ഷം. കിഷൻഗഞ്ചിൽനിന്നുള്ള പുതുമുഖ എംഎൽഎ ലളിത് മീണയെ ഹോട്ടലിൽ തടവിലാക്കിയെന്ന് ഇയാളുടെ അച്ഛനും മുൻ എംഎൽഎയുമായ ഹേംരാജ് മീണ വെളിപ്പെടുത്തി. ജയ്പുർ നഗരത്തിനു പുറത്തെ സിക്കർ റോഡിലുള്ള സ്വകാര്യ ഹോട്ടലിൽ ബുധൻ പുലർച്ചെവരെയാണ് പൂട്ടിയിട്ടത്. വസുന്ധരയുടെ മകനും എംപിയുമായ ദുഷ്യന്ത് സിങ്ങാണ് പിന്നിൽ.
ആറ് എംഎൽഎമാർ ചേർന്ന് യോഗത്തിനെന്നു പറഞ്ഞ് വിളിച്ചാണ് കുടുക്കിയത്. മകനെ കാണാൻ റിസോർട്ടിലെത്തിയപ്പോൾ എംഎൽഎയായ കൻവർ ലാൽ മീണ തടഞ്ഞെന്നും ആദ്യം ദുഷ്യന്തിനോട് സംസാരിക്കാൻ ആവശ്യപ്പെട്ടെന്നും ഹേംരാജ് മാധ്യമങ്ങളോട് പറഞ്ഞു. ബഹ്റോർ ജില്ലയിലെ കോട്പുത്ലിയിലെ മറ്റൊരു റിസോർട്ടിലേക്ക് മാറാനുള്ള പദ്ധതിയെ ലളിത് എതിർത്തതോടെ വാക്കുതർക്കവും സംഘർഷാവസ്ഥയുമായി. തുടർന്ന് സംസ്ഥാന നേതാക്കളിടപെട്ടാണ് ലളിതിനെ മോചിപ്പിച്ചത്. മറ്റു എംഎല്‍എമാരും റിസോര്‍ട്ടിലുണ്ടായിരുന്നു.
അതേസമയം, ‘ബന്ദിയാക്കൽ’ നിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് സി പി ജോഷി രംഗത്തെത്തി. എംഎൽഎമാർ അവരവരുടെ മണ്ഡലങ്ങളിലാണെന്നാണ് അവകാശപ്പെട്ടത്. നിലവിൽ 115 ബിജെപി എംഎൽഎമാരിൽ 30 പേർ സിന്ധ്യയുടെ പക്ഷത്താണ്.