ന്യൂഡൽഹി: റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം വരുൺ ഗാന്ധി നിഷേധിച്ചതായി റിപ്പോർട്ട്. യുപിയിൽ റായ്ബറേലിയിൽ മാത്രമാണ് ബിജെപി ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്. കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാർഥികളെ തീരുമാനിക്കാമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
ഒരാഴ്ച മുമ്പാണ് റായ്ബറേലിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി ബിജെപി നേതൃത്വം വരുണിനെ സമീപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാഴ്ച ആലോചിച്ചശേഷമാണ് റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന് വരുൺ നേതൃത്വത്തെ അറിയിച്ചത്. സിറ്റിങ് സീറ്റായ പിലിബിത്തിൽ സീറ്റ് നിഷേധിച്ച ബിജെപി പകരം ജിതിൻ പ്രസാദയെ സ്ഥാനാർഥിയാക്കി. പിലിബിത്തിൽ ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ട വരുൺ തെരഞ്ഞെടുപ്പ് ‘രാഷ്ട്രീയ തമാശക്കളി’യല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ദേശീയ നേതാക്കളോടു തുറന്നടിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ‘രഹസ്യമായി സംസാരിച്ച കാര്യങ്ങൾ പരസ്യമാക്കുന്നത് ധാർമികതയ്ക്കു നിരക്കുന്നതല്ല’ എന്നാണ് വരുൺ ഗാന്ധി പ്രതികരിച്ചത്.
ഈയാഴ്ച ആദ്യമുൾപ്പെടെ 2 തവണ മോദി വരുണിനോടു നേരിട്ടു സംസാരിച്ചതായാണു വിവരം. താൻ തന്നെ നേരിട്ടു പ്രചാരണത്തിനിറങ്ങാമെന്ന് മോദി വാഗ്ദാനം ചെയ്തെങ്കിലും കുടുംബാംഗത്തിനെതിരെ മത്സരിക്കുന്ന തരത്തിലുള്ള സർക്കസായി രാഷ്ട്രീയത്തെ കാണുന്നില്ലെന്നും വരുൺ പറഞ്ഞതായി പാർട്ടി വൃത്തങ്ങളിലൊരാൾ പറഞ്ഞു. തോറ്റാലും വലിയ സ്ഥാനങ്ങൾ നേതൃത്വം വാഗ്ദാനം ചെയ്തെങ്കിലും നിലവിൽ ഒന്നിലും താൽപര്യമില്ലെന്ന നിലപാടിലായിരുന്നു വരുൺ. അൽപകാലം സജീവരാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
ബിജെപിയുടെ ആഭ്യന്തര സർവേയിൽ വരുൺ ഗാന്ധി മത്സരിക്കണമെന്ന ആവശ്യത്തിനായിരുന്നു മുൻതൂക്കം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആദ്യം പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും പിന്നീട് അമിത് ഷായും വരുൺ ഗാന്ധിയോടു സംസാരിച്ചു. മാർച്ച് രണ്ടാം വാരത്തിലും ഏതാനും ദിവസം മുൻപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വരുണിനെ മത്സരിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിലിബിത്ത് എംപിയായ വരുണിന് ഇത്തവണ ടിക്കറ്റ് നിഷേധിച്ചതിൽ അദ്ദേഹം അതൃപ്തനായിരുന്നു. കഴിഞ്ഞ 10 വർഷമായി തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം മോദി സർക്കാരിനും യുപി സർക്കാരിനുമെതിരെ വരുൺ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നു. ഇതെല്ലാം ക്ഷമിച്ചാണ് വരുണിനുവേണ്ടി പ്രചാരണത്തിനിറങ്ങാമെന്നുവരെ പ്രധാനമന്ത്രി ഉറപ്പു നൽകിയത്.